kozhikode local

ദേശീയപാത നിര്‍മാണം ജൂലൈയില്‍ തുടങ്ങും: മന്ത്രി ജി സുധാകരന്‍

കുന്ദമംഗലം: ദേശീയപാത വികസനത്തിനായുള്ള നിര്‍മാണ പ്രവൃത്തികള്‍ ജൂലൈയില്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാംഘട്ടം പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചക്കുകയായിരുന്നു മന്ത്രി. കാസര്‍കോട് മുതലുള്ള ദേശീയ പാത വികസനത്തിന്റെ ടെണ്ടര്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കഴക്കൂട്ടം വരെയുള്ള അവസാന റീച്ച് ഡിസംബറില്‍ നിര്‍മാണം ആരംഭിക്കണമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പ്രത്യേക താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. ആദ്യ രണ്ട് റീച്ചുകളുടെ പ്രവര്‍ത്തി ജൂലൈയില്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. വെള്ളിമാട്കുന്ന് നഗരപാത വികസനത്തിനുള്ള പദ്ധതി ധന കാര്യവകുപ്പിന്റെ പരിഗണനയിലാണ്. വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് സര്‍ക്കാര്‍ അനുകൂലമാണ്. കോഴിക്കോട് ബൈപ്പാസ് നിര്‍മാണോദ്ഘാടനം കേന്ദ്ര മന്ത്രി സമയം അനുവദിച്ചാലുടന്‍ നടത്തും. ഗതാഗതകുരുക്ക് രൂക്ഷമായ വടകര മുരാട് പയ്യോളി പാലങ്ങള്‍ സ്റ്റാന്റ് എലോണ്‍ ആയി ദേശീയപാത വികസനത്തിന് മുമ്പ് നിര്‍മിക്കാന്‍ ദേശീയപാത അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നഗരത്തില്‍ ഏഴ്— പാതകള്‍ 900 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ചു.സംസ്ഥാന മന്ത്രിസഭ അധികാരത്തില്‍ വന്നതിനു ശേഷം 1470 നിര്‍മാണം നടന്നു. ഇതില്‍ 400 പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചു. 20000 കോടി രൂപ ഇതിനായി വിനിയോഗിച്ചു. അഞ്ച് വര്‍ഷത്തിനകം 50000 കോടി ചെലവഴിക്കും. ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ കെട്ടടങ്ങി. കലാപമുണ്ടാക്കാന്‍ സര്‍ക്കാര്‍ ആരേയും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ അഡ്വ പി ടി എ റഹിം എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി മുഖ്യാതിഥിയായി. പൊതുമരാമത്ത് കെട്ടിടവിഭാഗം സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജി എസ് ദിലീപ്‌ലാല്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട,് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, വൈസ് പ്രസിഡന്റ് കെ പി അബ്ദുറഹിമാന്‍, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എന്‍ മനോജ് കുമാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈജ വളപ്പില്‍ (കുന്ദമംഗലം), കെ എസ് ബീന ( ചാത്തമംഗലം), സി മുനീറത്ത് (മാവൂര്‍), വൈ വി ശാന്ത (പേരുവയല്‍) ,കെ അജിത (പെരുമണ്ണ),കെ തങ്കമണി (ഒളവണ്ണ) ജില്ലാ പഞ്ചായത്ത് മെംബര്‍ രജനി തടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ യു സി ബുഷ്‌റ, ഗ്രാമപ്പഞ്ചായത്ത് മെംബര്‍ എം വി ബൈജു, സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ മോഹന്‍ദാസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ജില്ലാ കലക്ടര്‍ യു വി ജോസ്, കോഴിക്കോട് തഹസില്‍ദാര്‍ കെ ടി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കട്ടിപാറ കരിഞ്ചോലമലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരേയും നിപാ പ്രതിരോധത്തില്‍ പങ്കാളികളായവരേയും മന്ത്രി സുധാകരന്‍ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
Next Story

RELATED STORIES

Share it