kasaragod local

ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണം: ജില്ലാ വികസന സമിതി

കാസര്‍കോട്്്: മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെയുള്ള ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ദേശീയപാതയുടെ വശങ്ങളിലെ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റണമെന്നും ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. ദേശീയ പാതയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുവാനും യോഗം ആവശ്യപ്പെട്ടു. ദേശീയപാതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എംപി, എംഎല്‍എമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആഗസ്ത് നാലിന് യോഗം ചേരും. ജില്ലയിലെ വൈദ്യുതി വിതരണത്തില്‍ ഉണ്ടാകുന്ന തടസങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് റിപോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് പി കരുണാകരന്‍ എംപി നിര്‍ദ്ദേശിച്ചു.
ജില്ലയിലെ പട്ടികജാതി കോളനികളില്‍ അഞ്ച് മണ്ഡലങ്ങളിലേയും എംഎല്‍എമാരുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തികളുടെ പുരോഗതി പരിശോധിച്ച് റിപോര്‍ട്ട് നല്‍കണമെന്ന് എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, പി ബി അബ്ദുര്‍ റസാഖ്, എം രാജഗോപലന്‍, എന്‍ എ നെല്ലിക്കുന്ന് എന്നിവര്‍ ആവശ്യപ്പെട്ടു.
വെള്ളരിക്കുണ്ട് താലൂക്കാസ്ഥാനത്തുനിന്നും പരപ്പ, ഒടയംചാല്‍, ചുള്ളിക്കര, കുറ്റിക്കോല്‍  പ്രദേശങ്ങളെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിച്ച് കൊന്നക്കാട് നിന്നും കലക്ടറേറ്റിലെ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം എന്‍ ദേവീദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടു.
കിന്നിംഗാര്‍ ഭാഗത്തേക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് വരുമാനം കുറവായതിനാല്‍ നിര്‍ത്തലാക്കിയ നടപടി പുന:പരിശോധിക്കണമെന്നും ലാഭകരമാക്കുവാന്‍ കഴിയുന്ന രീതിയില്‍ റൂട്ട് വിപുലീകരണമെന്നും യോഗം നിര്‍ദേശിച്ചു. മുഖ്യമന്ത്രി—യുടെ ദുരിതാശ്വാസ നിധിയിക്കുള്ള അപേക്ഷകളില്‍ ജില്ലയിലെ ചില വില്ലേജ് ഓഫിസര്‍മാര്‍ ആവശ്യമായ പരിഗണന നല്‍കാത്തതിനാല്‍ ചില അപേക്ഷകള്‍ കെട്ടികിടക്കുന്നതായി കെ.കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ അടിയന്തരമായി ഇടപ്പെട്ട് പരിഹാരം കാണണമെന്ന് എഡിഎം നിര്‍ദേശിച്ചു. ജില്ലാ വികസന സമിതിയോഗങ്ങളില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും പകരം പ്രതിനിധികളെ അയക്കുന്നത് ഒഴിവാക്കണമെന്നും പി കരുണാകരന്‍ എംപി നിര്‍ദേശിച്ചു. ജില്ലാ ഓഫീസര്‍മാര്‍ക്ക് പകരമെത്തുന്ന പ്രതിനിധികള്‍ക്ക് യോഗത്തില്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
റിസര്‍വേയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് 31 വരെ 7430 പരാതികള്‍ ലഭിച്ചുവെന്നും ആഗസ്റ്റ് രണ്ടാംവാരത്തോടെ ഭൂരിഭാഗം പരാതികളിലും തീര്‍പ്പാക്കുവാന്‍ കഴിയുമെന്നും യോഗം വിലയിരുത്തി. തൃക്കരിപ്പൂര്‍ മുതല്‍ വലിയപറമ്പ വരെ കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ആഗസ്റ്റ് ഒന്നുമുതല്‍ ഏഴുവരെ മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി എല്ലാ ഓഫിസുകളിലും മുലയൂട്ടുന്നതിന് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് വികസന സമിതിയോഗം ജില്ലാ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലയിലെ ദേശീയപാതയിലും മറ്റിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള പ്രവര്‍ത്തരഹിതമായ നിരീക്ഷണകാമറകള്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ കെല്‍ട്രോണിനെ അറിയിച്ചതായി ആര്‍ടിഒയും ജില്ലാ പോലിസ് മേധാവിയും അറിയിച്ചു.
Next Story

RELATED STORIES

Share it