kannur local

ദേശീയപാതയില്‍ നിറയെ കുഴികള്‍; നികത്താന്‍ നടപടിയില്ല

കണ്ണൂര്‍: കണ്ണൂര്‍-തലശ്ശേരി ദേശീയപാതയിലെ കുഴികള്‍ നികത്താന്‍ നടപടി വൈകുന്നു. കനത്ത മഴയെ തുടര്‍ന്ന് കാല്‍ടെക്‌സ് മുതല്‍ ചാല വരെയുള്ള ഭാഗത്തെ റോഡില്‍ പലയിടത്തും കുഴികള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതോടെ വാഹനയാത്ര ദുരിതമായി മാറി. ഇരുചക്രവാഹന യാത്രികരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. വെള്ളം കെട്ടിനില്‍ക്കുന്ന കുഴികള്‍ തിരിച്ചറിയാനാവാതെ അപകടത്തില്‍പ്പെടുന്നതും വിരളമല്ല. ഭീമന്‍കുഴികള്‍ രൂക്ഷമായ ഗതാഗതക്കുരുക്കിലേക്കും നയിക്കുന്നു. വിദ്യാര്‍ഥികളും ജോലിക്കാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. രാവിലെ ആരംഭിക്കുന്ന കുരുക്ക് രാത്രി വരെ തുടരും. കണ്ണൂര്‍-കൂത്തുപറമ്പ് സംസ്ഥാനപാതയും ചൊവ്വ-നടാല്‍ ബൈപാസും കടന്നുപോവുന്ന താഴെചൊവ്വ-മുതല്‍ ചാല വരെയുള്ള റോഡില്‍ വന്‍ കുഴികളാണ്. താഴെ ചൊവ്വയില്‍ ബൈപാസ് തുടങ്ങുന്ന ഭാഗം, കിഴുത്തള്ളി, ചാലക്കുന്ന്, ചാല സ്റ്റേഷന്‍ പരിസരം, ചാല ജങ്ഷന്‍ എന്നിവിടങ്ങളിലെല്ലാം നിറയെ കുഴികള്‍ തന്നെ. 2012ന് ശേഷം ചാല മുതല്‍ താഴെചൊവ്വ വരെ ടാറിങ് പ്രവൃത്തി നടത്തിയിട്ടില്ല. മഴ കനക്കുമ്പോള്‍ രൂപപ്പെടുന്ന കുഴി പേരിനു മൂടുക മാത്രമാണു ചെയ്തത്. ഇതൂമൂലം താഴെചൊവ്വ വരെ കിലോമീറ്ററുകളോളം ദേശീയപാതയുടെ ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയാണ്. ഏറെ സമയമെടുത്താണ് യാത്രക്കാര്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നത്. സമയത്തിന് ഓടിയെത്താന്‍ കഴിയാത്തതിനാല്‍ മിക്ക ബസ്സുകള്‍ക്കും ചില ട്രിപ്പുകള്‍ ഒഴിവാക്കേണ്ടിവരുന്നു. അത്യാസന്ന നിലയിലുള്ള രോഗികളുമായി പോവുന്ന ആംബുലന്‍സുകളും ഗതാഗതക്കുരുക്കില്‍പ്പെടുന്നതും പതിവാണ്. റോഡിലെ കുഴികള്‍ അടച്ചുകഴിഞ്ഞാല്‍ ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് ഏറെ ശമനമുണ്ടാക്കാന്‍ സാധിക്കും. കുഴികള്‍ അടിയന്തരമായി അടച്ച് ടാറിങ് നടത്തി റോഡ് നന്നാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പി കെ ശ്രീമതി എംപി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പിഡബ്ല്യുഡി ദേശീയപാതാ വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്കും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും കത്ത് നല്‍കി.

Next Story

RELATED STORIES

Share it