ദേശവിളക്കിനിടയിലെ സംഘട്ടനം: പരിക്കേറ്റ യുവാവ് മരിച്ചു

മാള: മാള പൂപ്പത്തിയില്‍ ദേശവിളക്കിനിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘട്ടനത്തി ല്‍ പരിക്കേറ്റ് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സിപിഐ പ്രവര്‍ത്തകന്‍ മരിച്ചു. പൂപ്പത്തി വാണിയമ്പിള്ളി പരേതനായ ഹരിദാസന്റെ മകന്‍ ദിനേശന്‍(38) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30ഓടെയാണ് പൂപ്പത്തി പട്ടികജാതി കമ്മ്യൂണിറ്റി ഹാളിന് മുന്നില്‍ റോഡില്‍ വച്ച് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ബിജെപി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഐ ആരോപിച്ചു. അടിപിടിക്കിടയില്‍ താഴെ വീണ ദിനേശനെ ഏതാനും പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദിനേശനെ മാളയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ആന്തരിക അവയവങ്ങള്‍ക്കുണ്ടായ പരിക്ക് ഗുരുതരമായതിനാല്‍ ഇയാളെ തൃശൂ ര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സിറ്റി പോലിസ് കമ്മീഷണര്‍ രാഹുല്‍ ആര്‍ നായര്‍, ചാലക്കുടി ഡിവൈഎസ്പി സി എസ് ഷാഹുല്‍ഹമീദ് എന്നിവര്‍ സംഭവസ്ഥലത്തെത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത്  കൂടുതല്‍ പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. സംഭവത്തിന്റെ ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ 15 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. മാള സിഐയുടെ ചുമതല വഹിക്കുന്ന പുതുക്കാട് സിഐ എസ് പി സുധീരന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടാന്‍ ഊര്‍ജിതമായ നടപടി സ്വീകരിക്കണമെന്നു സിപിഐ നിയോജകമണ്ഡലം സെക്രട്ടറി ടി എം ബാബു വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. അതേസമയം, ആക്രമണവുമായി ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി പൊയ്യ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി പി രാജന്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പൊയ്യ പഞ്ചായത്തില്‍ എല്‍ഡിഫിന്റെ നേതൃത്വത്തില്‍ ഉച്ച മുതല്‍ ഹര്‍ത്താല്‍ നടത്തി.
Next Story

RELATED STORIES

Share it