Flash News

ദേവികുളം താലൂക്കില്‍ അനധികൃതമായി 330 റിസോര്‍ട്ടുകള്‍



സി എ സജീവന്‍

തൊടുപുഴ: ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ അനധികൃതമായി കെട്ടിപ്പൊക്കിയത് 330 റിസോര്‍ട്ടുകള്‍. ജില്ലാ കലക്ടര്‍ നല്‍കിയ റിസോര്‍ട്ടുകളുടെ നിര്‍മാണം സംബന്ധിച്ച പട്ടികയിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. 2010ന് ശേഷം നിര്‍മിച്ചവയുടെ കണക്കാണ് ഇത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ അവതരിപ്പിക്കുന്നതിനായി ശേഖരിച്ച കണക്കാണ് ഇവ. പല റിസോര്‍ട്ടുകള്‍ക്കും നിയമങ്ങള്‍ മറികടന്ന് പഞ്ചായത്ത് അനുമതി നല്‍കിയതായി ജില്ലാ കലക്ടറുടെ റിപോര്‍ട്ടിലുണ്ട്.ദേവികുളം താലൂക്കിലെ കെഡിഎച്ച്, പള്ളിവാസല്‍, ആനവരട്ടി, വെള്ളത്തൂവല്‍, ചിന്നക്കനാല്‍, ബൈസണ്‍വാലി, ശാന്തന്‍പാറ വില്ലേജുകളിലെ നിര്‍മാണം സംബന്ധിച്ച കണക്കുകളാണ് ജില്ലാ കലക്ടര്‍ തയ്യാറാക്കിയത്. ഈ വില്ലേജുകളില്‍ നിര്‍മാണം നടത്തുന്നതിന് ജില്ലാകലക്ടറുടെ അനുമതി വേണം. എന്നാല്‍, കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ടു പണിത 330 റിസോര്‍ട്ടുകളില്‍ മിക്കതിനും എന്‍ഒസി ഇല്ലെന്നു റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാ ല്‍ ഇവയ്‌ക്കെല്ലാം പഞ്ചായത്ത് ബില്‍ഡിങ് പെര്‍മിറ്റുകള്‍ നല്‍കിയിട്ടുണ്ട്. വൈദ്യുതി കണക്ഷനും ലഭിച്ചു. പട്ടയ ഭൂമിയിലെ റിസോര്‍ട്ടുകളും ചട്ടങ്ങള്‍ ലംഘിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. വീട് നിര്‍മിക്കാനും കൃഷിക്കുമായി നല്‍കിയ പട്ടയഭൂമിയില്‍ കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ പണിതത് നിയമലംഘനമാണ്. ഭൂരിപക്ഷവും ഏലപ്പട്ടയ ഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നത്. പട്ടയം റദ്ദാക്കാന്‍ നിര്‍ദേശിച്ച ഭൂമിയില്‍ പോലും റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടുക്കി ജില്ലാ കലക്ടര്‍ തയ്യാറാക്കിയ 330 റിസോര്‍ട്ടുകളില്‍ പണി പൂര്‍ത്തിയായവയും അല്ലാവത്തവയുമുണ്ട്. കൃത്യമായ വിസ്തീര്‍ണവും നിലകളുടെ എണ്ണവും സഹിതമാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. പല റിസോര്‍ട്ടുകളും നിര്‍മാണം പൂര്‍ത്തിയാക്കിയത് സ്‌റ്റോപ്പ് മെമ്മൊ നിലനില്‍ക്കുമ്പോഴാണെന്നും ലിസ്റ്റില്‍ നിന്നും വ്യക്തമാണ്.
Next Story

RELATED STORIES

Share it