kozhikode local

ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണം സര്‍ക്കാര്‍ തീരുമാനം ഭരണഘടനാവിരുദ്ധം: നിയമ സെക്രട്ടറി

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ വിരുദ്ധവും സുപ്രിംകോടതി വിധികളുടെ ലംഘനവുമാണെന്ന് നിയമോപദേശം. ഇതോടെ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. സാമ്പത്തിക സംവരണ തീരുമാനത്തെ പാഴ്ശ്രമം എന്നാണ് നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് വിശേഷിപ്പിച്ചത്.
ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളില്‍ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്‍കാമെന്ന സര്‍ക്കാരിന്റെ തീരുമാനത്തിനാണ് ഇതോടെ തിരിച്ചടിയായത്.
സര്‍ക്കാര്‍ നീക്കത്തിന് നിയമപരമായ പിന്തുണയില്ല. ഭരണഘടനാ വിരുദ്ധവും സുപ്രിംകോടതിയുടെ നിരവധി വിധികളുടെ ലംഘനവുമാണിത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16 പ്രകാരം തൊഴില്‍ദാനത്തിനടക്കം തുല്യത ഉറപ്പാക്കേണ്ടതുണ്ട്. 16(4) അനുസരിച്ച് പിന്നാക്ക വിഭാഗങ്ങള്‍ക്കു മാത്രമേ സംവരണം അനുവദിക്കാനാവൂ എന്നും നിയമോപദേശത്തില്‍ സൂചിപ്പിക്കുന്നു.
കൂടാതെ 1992ലെ ഇന്ദിരാ സാഹ്നി കേസില്‍ ഉള്‍പ്പെടെ സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയതാണെന്നും നിയമ സെക്രട്ടറി വ്യക്തമാക്കി. സുപ്രധാനമായ തീരുമാനമെടുക്കുമ്പോള്‍ നിയമപരമായ പിന്‍ബലം കൂടി സര്‍ക്കാര്‍ പരിശോധിക്കേണ്ടതുണ്ടെന്നും എന്നാല്‍, സംവരണ വിഷയത്തില്‍ അതുണ്ടായില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it