malappuram local

ദുരൂഹസാഹചര്യത്തില്‍ പോലീസുകാരനെ കണ്ട സംഭവം: അന്വേഷിക്കാതെ പോലിസ്

തിരൂര്‍: അസമയത്ത് ദുരൂഹ സാഹചര്യത്തില്‍ പോലീസുകാരനെ കണ്ട സംഭവത്തില്‍ അന്വേഷണം നടത്താതെ പോലീസ് ഒഴിഞ്ഞു മാറുന്നു. തിരൂരിലെ തലക്കാട് കണ്ണംകുളത്താണ് പുലര്‍ച്ചെ ഒരു മണിയോടെ പോലീസുകാരനെ കണ്ടത്. സംഭവം തിരൂര്‍ പോലീസിന്റെ ശ്രദ്ധയില്‍പെട്ടെങ്കിലും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ഉണ്ടായിട്ടില്ല.
ഒരാഴ്ച മുമ്പാണ് മോഷ്ടാവിനെ പിടികൂടാന്‍ അര്‍ദ്ധരാത്രിയില്‍ കാവലിരുന്ന നാട്ടുകാരുടെ വലയില്‍ പോലീസുകാരന്‍ കുടുങ്ങിയത്. കണ്ണംകുളത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപത്തെ വീട്ടുമുറ്റത്തെ കണ്ട അപരിചിതനെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഉറക്കമില്ലാത്തെ കാത്തിരിപ്പ് തുടങ്ങിയത്. അതിനിടയിലാണ് വെള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍ വീട്ടുപരിസരത്ത് പതുങ്ങി നടക്കുന്നത് കണ്ടത്.
അതോടെ കാത്തിരുന്നവരും പരിസരത്ത് ഫുട്ബാള്‍ മല്‍സരം കാണാനെത്തിയവരും ചേര്‍ന്ന് വീടുവളഞ്ഞ് ആളെ പിടികൂടി കൈകാര്യം ചെയ്തതോടെയാണ് ഇയാള്‍ പോലീസുകാരനാണെന്ന് കൂട്ടത്തിലുള്ളവര്‍ തിരിച്ചറിഞ്ഞത്. കൂട്ടുകാരന്റെ വീട്ടിലേക്ക് എത്തിയതാണെന്ന് ഇയാള്‍ പറഞ്ഞെങ്കിലും ചോദ്യം ചെയ്യലില്‍ അങ്ങിനെ ഒരാള്‍ പ്രദേശത്തില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് തെറ്റു പറ്റിയതാണെന്ന് പോലീസുകാരന്‍ പറഞ്ഞു.  പോലീസുകാരന്‍ വലയികപ്പെട്ട സംഭവത്തിന്റെ വീഡിയോ ദൃശ്യം പ്രദേശത്തെ പലരുടേയും കൈവശമുണ്ട്.
എന്നാല്‍ കേസില്‍ അകപ്പെടുമോ എന്ന് ഭയന്ന് അവര്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കാന്‍ മടിക്കുകയാണ്.ഈ പോലിസുകാരന്‍ മുമ്പ് തിരൂര്‍ പോലിസിലെ െ്രെഡവറായിരുന്നുവെന്നും ഇപ്പോള്‍ പൊന്നാനി ഭാഗത്തെ പോലിസ് സ്‌റ്റേഷനിലാണ് ഡ്യൂട്ടിയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. വിഷയം തിരൂര്‍ പോലിസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും കേസെടുക്കാന്‍ തയ്യാറാവാതെ കേസ് ഒതുക്കി അവസാനിപ്പിക്കാനാണ് ശ്രമമെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.
മദ്യലഹരിയിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്ന പോലിസുകാരന്‍ എന്തിനാണ് അസമയത്ത് എത്തിയതെന്നത് ഇപ്പോഴും ദുരൂഹമാണ്.
Next Story

RELATED STORIES

Share it