Flash News

ദുരുപയോഗം കൂടുന്നു : കംപ്യൂട്ടര്‍ സെന്ററുകളില്‍ രേഖകള്‍ ഉപേക്ഷിക്കരുതെന്ന് പോലിസ്



തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വ്യക്തികള്‍ തങ്ങളുടെ സ്വകാര്യ വിവരങ്ങളും രേഖകളും പൊതു കംപ്യൂട്ടറില്‍ ഉപേക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് കേരള പോലിസ് ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ മുന്നറിയിപ്പു നല്‍കി. ആധാര്‍ രേഖകള്‍, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങിയ രേഖകളും സര്‍ട്ടിഫിക്കറ്റുകളും വിലപിടിപ്പുള്ളതും സ്വകാര്യമായതുമായ മറ്റു പല രേഖകളും ഡിടിപി സെന്ററുകളിലും ഇന്റര്‍നെറ്റ് കഫേകളിലും മറ്റും കൊണ്ടുപോയി സ്‌കാന്‍ ചെയ്തു കോപ്പി എടുക്കുകയും അപേക്ഷകള്‍ അയക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ സ്‌കാന്‍ ചെയ്യപ്പെടുന്ന ഡോക്യുമെന്റുകള്‍ കംപ്യൂട്ടര്‍ സെന്ററുകളിലെ പൊതു കംപ്യൂട്ടറുകളില്‍ തന്നെ ഉപേക്ഷിക്കപ്പെടുകയാണ് പതിവ്. വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്ന രേഖകള്‍ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഡോക്യുമെന്റുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവ വ്യാജമായി എടുത്തു തട്ടിപ്പുകള്‍ നടത്താന്‍ സാധിക്കും. ഇത്തരത്തില്‍ സ്‌കാന്‍ ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളില്‍ സ്‌കാന്‍ ചെയ്തു കോപ്പി ചെയ്യുന്നത് സ്വന്തം പെന്‍ഡ്രൈവുകളിലാണെന്നും സെന്ററുകളിലെ കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കുകളിലല്ലെന്നും ഉറപ്പുവരുത്തണം. സെന്ററുകളിലെ കംപ്യൂട്ടറുകളില്‍ കോപ്പി ചെയ്യേണ്ടിവന്നാല്‍ അവ ആവശ്യം കഴിഞ്ഞാല്‍ റീസൈക്കിള്‍ ബിന്നില്‍ നിന്ന് ഉള്‍പ്പെടെ ഡിലീറ്റ് ചെയ്‌തെന്ന് ഉറപ്പുവരുത്തണം. അപേക്ഷകളോ മറ്റോ അയ—ക്കേണ്ടതിലേക്കായി ഇ-മെയില്‍ അക്കൗണ്ടുകളോ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളോ മറ്റു യൂസര്‍ അക്കൗണ്ടുകളോ ലോഗിന്‍ ചെയ്യേണ്ടിവന്നിട്ടുണ്ടെങ്കില്‍ അവ ആവശ്യം കഴിഞ്ഞാല്‍ ലോഗൗട്ട് ചെയ്യണം. കമ്പനികളുടെയും മൊബൈല്‍ ഫോണ്‍ സേവനദാതാക്കളുടെയും പേരില്‍ വരുന്ന പല ഫോണ്‍കോളുകളും മെസേജുകളും ഇ-മെയിലുകളും ശ്രദ്ധക്കുറവും അറിവില്ലായ്മയും മുതലെടുത്തു വിവരങ്ങള്‍ ചോര്‍ത്തുന്നതിനു വേണ്ടിയുള്ളവയാകാം. അത്തരം ഫോണ്‍കോളുകള്‍ക്കോ മെസേജുകള്‍ക്കോ ഇ-മെയിലുകള്‍ക്കോ മറുപടി നല്‍കുന്നതിനു മുമ്പായി അവയുടെ ആധികാരികത യഥാര്‍ഥ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്നും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it