Kottayam Local

ദുരിതാശ്വാസ ക്യാംപില്‍ ഉള്ളത് 45 കുടുംബങ്ങള്‍

ചങ്ങനാശ്ശേരി: ഏതാനും ദിവസങ്ങളായി പെയ്ത മഴയ്ക്കു ശമനമായതോടെ നഗരത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ജലനിരപ്പു താഴ്ന്നു തുടങ്ങി. എങ്കിലും ചങ്ങനാശ്ശേരി പുഴവാത് എന്‍എസ്എസ് യുപി സ്‌കൂളില്‍ തുറന്ന ആദ്യത്തെ ക്യാംപില്‍ 45 കുടുംബങ്ങളില്‍ നിന്നായി 187 പേര്‍ കഴിയുന്നുണ്ട്. വില്ലേജ് ഓഫിസിന്റെ നേതൃത്വത്തില്‍ തുറന്ന ക്യാംപില്‍ വെള്ളം കൂടുതലായി കയറിയ എസി റോഡ് കോളനി, രമണന്‍ നഗര്‍ എന്നിവിടങ്ങളിലുള്ളവരാണ് എത്തിയിട്ടുള്ളത്. എന്നാല്‍ വെള്ളപ്പൊക്ക കെടുതി അനുഭവിക്കുന്ന പുതുവേല്‍, നക്രാപുതുവേല്‍, അറുനുറില്‍ പുതുവേല്‍, കോമങ്കേരിച്ചിറ, എടവന്തറ, കാവാലിക്കരച്ചിറ തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍  ക്യാംപിലേക്കു പോകുന്നില്ലെന്നാണ്  ബന്ധപ്പെട്ടവരോട് കഴിഞ്ഞദിവസം അറിയിച്ചത്. മടങ്ങിയെത്തുമ്പോള്‍ വീട്ടിലെ സാധന സാമഗ്രികള്‍ മോഷണം പോയിട്ടുള്ള കഴിഞ്ഞകാല അനുഭവമാണ് ഇതിനെ ഇവരെ പ്രേരിപ്പിച്ചത്. നിലവില്‍ ക്യാംപിലുള്ളവര്‍ക്കു ഹോര്‍ട്ടികോര്‍പ്പില്‍ നിന്ന് പച്ചക്കറിയും ത്രിവേണിയില്‍ നിന്ന് പലചരക്കു സാധനങ്ങളും എത്തിച്ചു നല്‍കിയിട്ടുണ്ട്. അതേസമയം ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറിയ പല ഭാഗങ്ങളിലും ജലനിരപ്പു താഴ്ന്നു തുടങ്ങി. റോഡിന്റെ ഇരുകരകളും വ്യാപകമായി നികത്തിയതിനെത്തുടര്‍ന്നാണ് പ്രതീക്ഷിക്കുന്ന വേഗത്തില്‍ വെള്ളം ഇറങ്ങാനാകാത്തതെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളം ഇറക്കം ശക്തി പ്രാപിക്കുന്നതോടെ മാലിന്യങ്ങള്‍ കെട്ടിക്കിടക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇതു പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും അവര്‍ പറയുന്നു.
Next Story

RELATED STORIES

Share it