ദുരിതാശ്വാസനിധി; പ്രചാരണം അടിസ്ഥാനരഹിതമെന്ന് മന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സംബന്ധിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. സിഎംഡിആര്‍എഫിലേക്ക് പൊതുജനങ്ങളില്‍ നിന്നു സംഭാവന സ്വീകരിക്കുന്ന സമ്പ്രദായത്തില്‍ ഒരു മാറ്റവും സര്‍ക്കാര്‍ വരുത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കാലാകാലങ്ങളായി ട്രഷറിക്ക് പുറത്ത് എസ്ബിഐയുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ ആണ് നിക്ഷേപിക്കുന്നത്. എന്നാല്‍ പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ സംഭാവനകള്‍ തടസ്സരഹിതമായി സിഎംഡിആര്‍എഫില്‍ എത്താനുള്ള സൗകര്യാര്‍ഥം വിവിധ പേമെന്റ് ഓപ്ഷനുകള്‍ക്ക് പല ബാങ്കുകളിലായി 15 പുതിയ അക്കൗണ്ടുകള്‍ കൂടി ആരംഭിക്കുകയായിരുന്നു. ആ അക്കൗണ്ടുകളിലാണ് 1200-1300 കോടിയോളം വരുന്ന ദുരിതാശ്വാസ നിധി സൂക്ഷിക്കുന്നത്. മൂന്നുലക്ഷം രൂപവരെയാണ് സിഎംഡിആര്‍എഫില്‍നിന്നു മുഖ്യമന്ത്രിക്ക് അനുവദിക്കാവുന്ന പരിധി. അതിന് മുകളില്‍ മന്ത്രിസഭയ്ക്ക് മാത്രമേ തുക അനുവദിക്കാന്‍ കഴിയൂ. സിഎംഡിആര്‍എഫില്‍നിന്നും പണം സാധാരണ പോലെ മറ്റു ചെലവുകള്‍ക്ക് എടുത്ത് വകമാറ്റാന്‍ കഴിയില്ല. ഇപ്പോള്‍ ദൈനംദിന വരുമാനവും ഏതെല്ലാം ബാങ്കുകളില്‍ എത്ര തുക വീതം എന്നു പരസ്യമായി പ്രസിദ്ധീകരിക്കുന്നുണ്ട്. ട്രഷറിയില്‍ തുറന്ന പുതിയ എസ്ബി അക്കൗണ്ടിനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണങ്ങള്‍ ശരിയല്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഓണ അലവന്‍സ് സിഎംഡിആര്‍എഫിലേക്ക് മാറ്റാന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരില്‍ ഒരു ട്രഷറി എസ്ബി അക്കൗണ്ട് തുടങ്ങുകയാണ് ചെയ്തത്. ഇവ ഒന്നും ദൈനംദിന ഭരണ ചെലവുകള്‍ക്ക് എടുക്കാന്‍ കഴിയില്ലെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it