ernakulam local

ദുരിതബാധിതര്‍ക്ക് സൗജന്യ റേഷന്‍ നല്‍കണമെന്ന്

കാക്കനാട്: കാലവര്‍ഷക്കെടുതിയുടെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് സൗജന്യറേഷന്‍ വിതരണം നടത്തണമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ ജില്ലാ വികസനസമിതിയില്‍ ആവശ്യപ്പെട്ടു. കനത്ത മഴയില്‍ പൂര്‍ണമായോ ഭാഗികമായോ വീടു നശിച്ചവരും കൃഷി നശിച്ചവരുമുണ്ട്. ഇതിന്റെ നഷ്ടപരിഹാരത്തുകയും മറ്റും ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാക്കി വരുന്നതേയുള്ളൂ.
ഈ സാഹചര്യത്തില്‍ സൗജന്യറേഷന്‍ വലിയ ആശ്വാസമാവും.  കാലവര്‍ഷത്തെത്തുടര്‍ന്ന് മുങ്ങിമരിച്ച സരസ്വതി, കുഞ്ചു എന്നിവരുടെ ആശ്രിതര്‍ക്ക് അടിയന്തരമായി ധനസഹായം നല്‍കണമെന്നും ആവശ്യപ്പെട്ടു.  വെള്ളപ്പൊക്കത്തില്‍ മൂടിപ്പോയ കിണറുകള്‍  മാലിന്യമുക്തമാക്കുന്നതില്‍ ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായി പെരുമാറരുതെന്ന് പി ടി തോമസ് എംഎല്‍എ. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  തൃക്കാക്കരയില്‍ വെള്ളപ്പൊക്കമുണ്ടായത് കനാല്‍  കൈയേറ്റം നിമിത്തമാണെന്നും ഇത്തരം കൈയേറ്റങ്ങള്‍ എത്രയുംവേഗം ഒഴിപ്പിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. അരൂര്‍ മുതല്‍ ഇടപ്പള്ളി വരെയുള്ള പാതയോരത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും ആവശ്യപ്പെട്ടു.
കോതമംഗലത്ത് കാടുമൂടിക്കിടക്കുന്ന കോട്ടപ്പടി, കുട്ടമ്പുഴ പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കുന്നതിന് ഫെന്‍സിങ് പൂര്‍ത്തിയാക്കണമെന്ന് ആന്റണി ജോണ്‍ എംഎല്‍എ ആവശ്യപ്പെട്ടു. ചപ്പാത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കടത്തുവള്ളംപോലും കൊണ്ടുവരാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്.  ഭൂതത്താന്‍കെട്ട് വരട്ടുപാറ റോഡുള്‍പ്പെടെ കനാല്‍ ബണ്ട് റോഡുകള്‍ അതീവ ശോച്യാവസ്ഥയിലാണെന്നും പരിഹാര നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാലവര്‍ഷത്തെ തുടര്‍ന്ന് ഡാമുകള്‍ തുറക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വി പി സജീന്ദ്രന്‍ എംഎല്‍എ പറഞ്ഞു.
മഴക്കെടുതി പുനരധിവാസ പ്രവര്‍ത്തനത്തില്‍ ചെല്ലാനം പ്രദേശത്ത് റവന്യൂ അധികൃതര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതായി കെ ജെ മാക്‌സി എംഎല്‍എ അഭിപ്രായപ്പെട്ടു. തോപ്പുംപടി പള്ളുരുത്തി റോഡിനു വശങ്ങളിലുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
പിറവം പാലത്തിന്റെ അറ്റകുറ്റപ്പണികള്‍  അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് അനൂപ് ജേക്കബ് എംഎല്‍എ ആവശ്യപ്പെട്ടു. കുളമ്പുരോഗ നിര്‍മാര്‍ജനത്തിന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍ വിതരണം ചെയ്യുന്ന മരുന്നിന്റെ ഗുണഫലം സംബന്ധിച്ച് എംഎല്‍എമാര്‍ ആശങ്ക പ്രകടിപ്പിച്ചു.
മറ്റു വകുപ്പുകളുടെ അധീനതയിലുള്ളതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡുകള്‍ പുതുക്കിപ്പണിയാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി കിട്ടുന്നപക്ഷം അറ്റകുറ്റപ്പണിക്ക് തയ്യാറാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ പറഞ്ഞു.
എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ചന്ദ്രശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it