kozhikode local

ദുരിതബാധിതരുടെ ലിസ്റ്റിലെ അപാകത: വില്ലേജ് ഓഫിസറെ ഉപരോധിച്ചു

മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തില്‍ പ്രളയ ദുരിത ബാധിതരുടെ ലിസ്റ്റില്‍ നിന്ന് നിരവധി പേര്‍ പുറത്തായ സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുല്ലയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും സിപിഎം പ്രവര്‍ത്തകരും വില്ലേജ് ഓഫിസറെ ഉപരോധിച്ചു. ഇന്നലെ രാവിലെ 10 മണിക്കാരംഭിച്ച ഉപരോധം ഉച്ചക്ക് 2 മണിയോടെയാണ് അവസാനിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ്്് സ്വപ്‌ന വിശ്വനാഥ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പി ചന്ദ്രന്‍, സണ്ണി വെള്ളാഞ്ചിറ,പഞ്ചായത്ത് മെമ്പര്‍മാരായ ചേറ്റൂര്‍ മുഹമ്മദ്, ഷിജി പരപ്പില്‍, കബീര്‍ കണിയാത്ത്, കെ സി നാടിക്കുട്ടി, സാബിറ തറമ്മല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്. പഞ്ചായത്തില്‍ അര്‍ഹതപ്പെട്ട ഒട്ടേറെപേര്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ നിന്ന് പുറത്തായിരുന്നു. 396 പേരുടെ ലിസ്റ്റ് പഞ്ചായത്ത് സമര്‍പ്പിച്ചങ്കിലും 300ല്‍ താഴെ പേര്‍ മാത്രമാണ് ഈ ലിസ്റ്റില്‍ നിന്ന് വന്നിട്ടുള്ളൂ. മാത്രമല്ല നിരവധി പേരുകള്‍ ഇരട്ടിച്ച് വരികയും ചെയ്തു. ഈ സാഹചര്യത്തിലാണ് പഞ്ചായത്തംഗങ്ങളും സിപിഎം പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തിയത്.
തഹസില്‍ദാര്‍ എത്തി പ്രശ്‌നത്തിന് പരിഹാരമാവാതെ തങ്ങള്‍ പിരിഞ്ഞു പോവില്ലന്ന് പഞ്ചായത്ത് പ്രസിഡന്റ് നിലപാടെടുത്തതോടെ കോഴിക്കോട് തഹസില്‍ദാര്‍ സുബ്രമണ്യന്‍ സ്ഥലത്തെത്തുകയും സമരക്കാരുമായി ചര്‍ച്ച നടത്തുകയുമായിരുന്നു. അര്‍ഹരായ മുഴുവനാളുകളെയും ഉള്‍പ്പെടുത്താമെന്നും ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കാമെന്നുമുള്ള ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്. മുക്കം എസ്‌ഐ ടി ഹമീദിന്റെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it