palakkad local

ദുരിതത്തിനറുതി; പട്ടാമ്പി പാലം തുറന്നു

പട്ടാമ്പി: മൂന്നാഴ്ചയിലധികമായി ഗതാഗതം നിരോധിച്ചിരുന്ന പട്ടാമ്പി പാലത്തിലൂടെ ഗതാഗതം പുനരാരംഭിച്ചു. അടിയന്തര പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിനായി തുറക്കുകയായിരുന്നു. പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. നേരത്തേ നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തെയാണ് വാഹനഗതാഗതത്തിന് തുറന്നു കൊടുക്കുന്നത്. അതിവേഗത്തില്‍ പ്രവൃത്തികള്‍ നടത്തിയ പൊതുമരാമത്തു വകുപ്പിനും സഹകരിച്ച എല്ലാവര്‍ക്കും മുഹമ്മദ് മുഹ്‌സിന്‍ നന്ദി അറിയിച്ചു. പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച പട്ടാമ്പി പാലം ഒരുപാട് വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. നിലവില്‍ നടത്തിയ നവീകരണം സംബന്ധിച്ച് വിവിധ മേഖലകളില്‍ നിന്ന് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതല്‍ ഭരണ പ്രതിപക്ഷ ജനപ്രതിനിധികള്‍ വരെ ഇരുഭാഗത്തും സജീവമായി രംഗത്തുണ്ടായിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് പട്ടാമ്പി നഗരസഭാ ചെയര്‍മാന്‍ കെഎസ്ബിഎ തങ്ങളും എംഎല്‍എ മുഹമ്മദ് മുഹ്‌സിനും തമ്മിലുള്ള വെല്ലുവിളിയായിരുന്നു അതില്‍ പ്രധാനം. ഗുണനിലവാരമില്ലാത്ത സാധന സാമഗ്രികള്‍ ഉപയോഗിച്ചാണ് നിര്‍മാണം എന്നായിരുന്നു പ്രധാന ആരോപണം. എസ്റ്റിമേറ്റ് സംഖ്യ ഇരട്ടിയാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനിടയിലാണ് കേടുപാടുകള്‍ തീര്‍ത്ത് പാലത്തിനു പുതിയമുഖം നല്‍കി പൊതു ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇതോടെ കഴിഞ്ഞ മൂന്നാഴ്ച്ചയിലധികമായി പാലക്കാട്, പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍ നിന്നും മേലേ പട്ടാമ്പിയില്‍ കൂടി വഴിതിരിഞ്ഞ് കൊടുമുണ്ട, കൊടിക്കുന്ന്, വെളളിയാങ്കല്ല് തൃത്താല വഴിയും കുളപ്പുള്ളി ഷൊര്‍ണ്ണൂര്‍ ആറങ്ങോട്ടൂകര വഴിയും പൊന്നാനി, പുത്തന്‍ പള്ളി, ഗുരുവായൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള യാത്രാക്ലേശത്തിനറുതിയാവും. അതേസമയം പ്രളയാനന്തരം ചണ്ടിയും അഴുക്കും കൊണ്ട് പ്രവേശിക്കാന്‍ കഴിയാതിരുന്ന പാലത്തിന്റെ ഉപരിതലം വൃത്തിയാക്കാനും ടാര്‍വീപ്പവെച്ച് കയറ് കെട്ടി കാല്‍നടയാത്രക്ക് സജ്ജമാക്കാന്‍ പണവും മനുഷ്യ പ്രവര്‍ത്തനവും നല്‍കി സഹായിച്ച പട്ടാമ്പിയിലെ വ്യാപാര സംഘടനകളെയോ ജനപ്രതിനിധികളെയോ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെയോ അറിയിക്കാതെ ഭരണകക്ഷിയുടെ മാത്രം പരിപാടിയാക്കിയ നടപടിയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിഷേധം ശക്തമാണ്.

Next Story

RELATED STORIES

Share it