malappuram local

ദുരന്തങ്ങളുടെ തോഴന്‍ മരണത്തിനു കീഴടങ്ങി

കാളികാവ്: ദുരന്തങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി നേരിടേണ്ടി വന്ന ഒരാള്‍ ഒടുവില്‍ പരാതികളേതുമില്ലാതെ മരണത്തിനു കീഴടങ്ങി. കാളികാവ് ഉദിരംപൊയില്‍ കിഴക്കേതില്‍ മുഹമ്മദ് എന്ന 72 കാരനാണ് മരണപ്പെട്ടത്. മനക്കരുത്തിന്റെ ബലത്തിലാണ് ഇദ്ദേഹം ഇതുവരെ ജീവിത ദുരന്തങ്ങളെ അതിജീവിച്ചത്. നിത്യജീവിതത്തിനായി അന്നം തേടിയുള്ള ഓട്ടത്തിനിടയില്‍ ഒന്നാമത്തെ ദുരന്തം നേരിട്ടത് 1990 മാര്‍ച്ച് 23 നായിരുന്നു. പാറ കരിമരുന്നുപയോഗിച്ച് പൊട്ടിക്കുന്ന ജോലിയിലായിരുന്ന മുഹമ്മദ് കിണറ്റില്‍ കരിമരുന്നു നിറച്ച് വെടിക്ക് തിരികൊളുത്തി കയറില്‍ തൂങ്ങി കയറുന്നതിനിടെ മുകളില്‍നിന്ന് പിടി വിട്ട് കിണറ്റില്‍ വീണു. തുടര്‍ന്ന് മൂന്നു വെടികളും പൊട്ടി. ഗുതരമായി പരിക്കേറ്റ മുഹമ്മദിനെ പുറത്തെടുത്തപ്പോള്‍ ജീവനുണ്ടോയെന്നു പോലും സംശയിച്ചിരുന്നു.
കൈയും കാലും നട്ടെല്ലും തകര്‍ന്ന ഇദ്ദേഹം മാസങ്ങളോളമുള്ള ചികില്‍സയ്ക്കുശേഷം ജീവിതത്തിലേയ്ക്കു തിരിച്ചുവന്നു. രണ്ടാമത്തെ ദുരന്തം തേടിയെത്തിയത് 1998 ഏപ്രില്‍ 10ന്. സ്വന്തം വീട്ടുമുറ്റത്തെ കിണര്‍ വൃത്തിയാക്കുന്നതിനിടെ പാലം ഒടിഞ്ഞ് 20 മീറ്റര്‍ ആഴമുള്ള കിണറ്റില്‍ വീണു. നേരത്തെ ഒടിഞ്ഞ കൈയും കാലും വീണ്ടും നുറുങ്ങി. മാസങ്ങള്‍ പ്ലാസ്റ്ററിട്ട് വീട്ടില്‍ കിടന്നു. ആരോഗ്യം തിരിച്ചുകിട്ടിയ മുഹമ്മദ് സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി. അതിനിടെ സ്വന്തം വീട് ചിതലരിച്ചത് ഓടിളക്കി മേയുന്നതിന് പുരപ്പുറത്ത് കയറിയ അദ്ദേഹം കഴുക്കോല്‍ ഒടിഞ്ഞ് നിലത്തുവീണു. വീണ്ടും നട്ടെല്ല് തകരാറിലായി. നീണ്ട ചികില്‍സ തന്നെ വേണ്ടിവന്നു പിന്നീടൊന്നു നിവര്‍ന്നു നില്‍ക്കാന്‍. നാലാമത്തെ ദുരന്തം തേടിയെത്തിയത് മരുമകളുടെ മരണത്തിന്റെ രൂപത്തിലായിരുന്നു. ഒരു പേരക്കുട്ടിയുടെ ആഗ്രഹത്തില്‍ കഴിഞ്ഞിരുന്ന മുഹമ്മദിന്റെ മൂത്ത മകന്റെ ഭാര്യയാണ് പ്രസവ സമയത്ത് യാത്രയായത്. ഇത് മുഹമ്മദിനെ മാസികമായി തളര്‍ത്തി. അധികം വൈകാതെ അഞ്ചാമത്തെ ദുന്തവും മുഹമ്മദിനെ തേടിയെത്തി. ഇത് 2009 ഫെബ്രവരി 24 നായിരുന്നു. ഏറെ വൈകി വിവാഹ സൗഭാഗ്യം ലഭിച്ച രണ്ടാമത്തെ മകളും ഭര്‍ത്താവും രണ്ടു വയസ്സുള്ള കുട്ടിയും വിരുന്ന് വന്നു. ഉച്ചയൂണിനുശേഷം എല്ലാവരും മയക്കത്തില്‍. ഇതിനിടെ മകളുടെ കുഞ്ഞ് കുളിമുറിയില്‍ നിറച്ചുവച്ച ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു.
ദിവസങ്ങള്‍ കഴിഞ്ഞില്ല, മറ്റൊരു ദുരന്തത്തിന്റെ നെല്ലിപ്പടിയില്‍ നിന്നാണു ഇദ്ദേഹം രക്ഷപ്പെട്ടത്. കുഞ്ഞ് മരിച്ച വേദനയില്‍ കഴിയുന്ന മകള്‍  കൈഞെരമ്പ് മുറിച്ച് കുൡമുറിയില്‍ മരണം കാത്തു കിടക്കുന്ന കാഴ്ചയാണ്് മുഹമ്മദ് കാണുന്നത്. മകള്‍ മരണത്തോടടുത്തിരുന്നു. മകളെയെടുത്ത് ആശുപത്രിയിലേയ്ക്ക് കുതിക്കുകയായിരുന്നു.  2009 ജൂലായ് 12നായിരുന്നു ഏഴാമത്തെ ദുരന്തമെത്തിയത്. മലയോര മേഖലയെ കടന്നുപിടിച്ച ഡെങ്കിപ്പനി മുഹമ്മദിന്റെ വീട്ടിലുമെത്തി. മൂത്ത മകള്‍ ജമീലയെയാണ് നഷ്ടപ്പെട്ടത്. ഒട്ടേറെ ദുരന്തങ്ങള്‍ നേരിട്ടെങ്കിലും മുഹമ്മദ് തന്റെ ദിനചര്യകളും സുഹൃദ് ബന്ധങ്ങളും നിലനിര്‍ത്താന്‍ ആള്‍ക്കുട്ടങ്ങളിലേയ്ക്കിറങ്ങിച്ചെന്നു. മാസങ്ങള്‍ കഴിഞ്ഞു. എട്ടാമത്തെ ദുരന്തത്തിലൂടെ മുഹമ്മദിനെ കടുത്ത പരീക്ഷണത്തിനു തന്നെ ദൈവം വിധേയമാക്കി. സംഭവം 2010 സപ്തംബര്‍ 10ന്. തനിക്ക് താങ്ങും തണലും തലയണയുമായിരുന്ന ഭാര്യ ആസിഡ് കഴിച്ച്് മരിച്ചു. പിന്നീടുള്ള മുഹമ്മദിന്റെ ജീവിതം അദ്ഭുതകരമായിരുന്നു.
ഒന്നുമറിയാത്ത മട്ടില്‍ മുഹമ്മദ് ജനങ്ങളില്‍ ഒരുവനായി പൊതുരംഗത്ത് നിറഞ്ഞുനിന്നു. അതിനിടെ രണ്ടു വര്‍ഷം മുമ്പ് പക്ഷാഘാതം പിടിപെട്ട് ഒരു ഭാഗം തളര്‍ന്നു. എങ്കിലും അദ്ദേഹം പിന്നെയും ആള്‍ക്കൂട്ടത്തില്‍ ഒരുവനായി. മൂന്നു മാസം മുമ്പാണ് മുഹമ്മദിന് അര്‍ബുദ രോഗം സ്ഥിരീകരിച്ചത്. ചികില്‍സയ്്ക്കിടെ രണ്ടു മാസത്തോളം പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. മരണം കാത്തുകിടക്കുന്ന സമയത്ത്  തന്നെ സന്ദര്‍ശിക്കുന്നവരെ നിറപുഞ്ചിരിയും കുശലാന്വേഷണവും വഴി താന്‍ സന്തുഷ്ടനാണെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. കഴിഞ്ഞ മൂന്നിനാണ് അദ്ദേഹം വിട പറഞ്ഞത്.
Next Story

RELATED STORIES

Share it