Gulf

ദുബയ് രാജ്യാന്തര ചലചിത്രോല്‍സവത്തിന് ഇന്ന് തിരശ്ശീല ഉയരും

ദുബയ് രാജ്യാന്തര ചലചിത്രോല്‍സവത്തിന് ഇന്ന് തിരശ്ശീല ഉയരും
X
dubai-film-festദുബയ്: 12-ാമത് ദുബയ്  രാജ്യാന്തര ചലച്ചിത്രോല്‍സവം (ഡിഫ്) മദീനത് ജുമൈറയില്‍ ഇന്നാരംഭിക്കും. ദുബയിലെ വിവിധ ഇടങ്ങളിലായാണ് സിനിമകളുടെ പ്രദര്‍ശനം. മുഖ്യ വേദി മദീനത് ജുമൈറ അറീനയാണ്. മദീനത് തിയ്യറ്റര്‍, സൂഖ് മദീനത് തിയ്യറ്റര്‍, വോക്‌സ് സിനിമ, മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ദി ബീച്ച് എന്നിവയാണ് മറ്റു വേദികള്‍. 60 രാജ്യങ്ങളില്‍ നിന്ന് 135 സിനിമകളാണ് ആകെ പ്രദര്‍ശിപ്പിക്കുന്നത്. 120 ഫീച്ചര്‍-ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും.

അറബ് ലോകത്തെയും പുറത്തെയും സിനിമകള്‍, നവ കാലത്തിന്റെ സിനിമകള്‍, പ്രതിഭകള്‍, ചലച്ചിത്ര നിര്‍മാണ ക്യാമ്പുകള്‍, ശില്‍പശാലകള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവ മേളയെ സമ്പന്നമാക്കും. റെഡ് കാര്‍പെറ്റ് റിസപ്ഷന്‍, സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം, മുഹ്ര്‍ അവാര്‍ഡ് എന്നിവയും മേളയെ വ്യത്യസ്തമാക്കും.  വിഖ്യാത ഇന്ത്യന്‍ ചലച്ചിത്ര നടന്‍ നസീറുദ്ദീന്‍ ഷായെ ആദരിക്കും. പ്രശസ്ത ഈജിപ്ഷ്യന്‍ നടന്‍ ഇസ്സത് അല്‍ അലൈലി, ഫ്രഞ്ച്-തുനീഷ്യന്‍ നടന്‍ സമീബു ആജില, നടി കാതറീന്‍ ഡെന്യൂവ് എന്നിവരെയും ആദരിക്കും. ബോളിവുഡില്‍ നിന്ന് ഷാറൂഖ് ഖാന്‍, കാജല്‍, ഫവാദ് ഖാന്‍ എന്നിവരും മലയാളത്തില്‍ നിന്ന് നിവിന്‍ പോളിയും പങ്കെടുക്കും. ഇത്തവണയും ഏറെ സവിശേഷതകളോടെയാണ് ഡിഫ് അരങ്ങേറുകയെന്ന് ചെയര്‍മാന്‍ അബ്ദുല്‍ ഹാമിദ് അഹ്മദ് പറഞ്ഞു. ലോകത്തെ 15 ഉന്നത ചലച്ചിത്ര മേളകള്‍ സംഘടിപ്പിക്കുന്ന പട്ടികയില്‍ രണ്ടാം തവണയും ഡിഫിനെ കോണ്‍ഡി നാസ്റ്റ് ട്രാവലര്‍ മാഗസിന്‍ ഉള്‍പ്പെടുത്തിയത് ഈ വര്‍ഷം ആദ്യമായിരുന്നു. മുന്‍നിര അന്താരാഷ്ട്ര സിനിമാ ഫെസ്റ്റിവലിന്റെയും സിനിമാ നിര്‍മാണത്തിന്റെയും ഹബ്ബായും ഡിഫ് മാറിക്കഴിഞ്ഞിരിക്കുന്നു.

ഈ 11 വര്‍ഷങ്ങള്‍ക്കിടെയുള്ള പ്രയാണത്തില്‍ നിരവധി ബഹുമതികളാണ് ഡിഫിനെ തേടി എത്തിയിരിക്കുന്നതെന്നും ഇതേറെ അഭിമാനകരമാണെന്നും ഡിഫ് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ മസ്ഊദ് അംറല്ല അല്‍ അലി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശിവാനി പാണ്ഡ്യ എന്നിവര്‍ വെളിപ്പെടുത്തി. എമ്മാ ദനഫിന്റെ 'റൂം' നോവലിനെ അടിസ്ഥാനമാക്കി ലെന്നി എബ്രഹാംസണ്‍ സംവിധാനം ചെയ്ത സസ്‌പെന്‍സ് ചിത്രമായ 'റൂം' ആണ് ഉദ്ഘാടന ചിത്രം. 40 ഭാഷകളിലുള്ള ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നതാണ്.
Next Story

RELATED STORIES

Share it