malappuram local

ദീര്‍ഘവീക്ഷണത്തോടെയുള്ള വികസനമില്ല; കെട്ടിടങ്ങള്‍ വികസനം മുടക്കികളാവുന്നു

നഹാസ് എം നിസ്താര്‍
പെരിന്തല്‍മണ്ണ: ഭൂമിശാസ്ത്ര പ്രകാരം ആശുപത്രിക്ക് അനുയോജ്യമായ സ്ഥലത്ത് ദീര്‍ഘവീക്ഷണത്തോടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ജില്ലാ ആശുപത്രി പരാജയമാണ്. പലയിടത്തും വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ചെറുകെട്ടിടങ്ങള്‍ പിന്നീട് വികസനം മുടക്കികളാവുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ ഉപയോഗിച്ചുപോന്നിരുന്ന ജനതാ പേ വാര്‍ഡുകള്‍ പലതും കാലഹരണപ്പെട്ടിട്ടുണ്ട്. ശസ്ത്രക്രിയയ്്ക്ക് വിധേയരാവുന്നവര്‍ക്കും പ്രസവ സംബന്ധമായി ദിവസങ്ങളോളം ആശുപത്രിവാസം ആവശ്യമായവര്‍ക്കും ആശ്വാസമായിരുന്ന പേ വാര്‍ഡുകള്‍ ജില്ലാ ആശുപത്രിയില്‍ 10 പേര്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. ഇത് അനുവദിച്ചുകിട്ടാന്‍ മന്ത്രിമാരുടെ കത്തുവരെ ആശുപത്രിയില്‍ എത്തിക്കേണ്ടതായിട്ടുണ്ട്.  സര്‍ക്കാറിനു കീഴിലെ കേരള ഹെല്‍ത്ത് റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റിയായിരുന്നു ആശുപത്രികളില്‍ പേ വാര്‍ഡുകള്‍ നിര്‍മിച്ചിരുന്നത്.
എന്നാല്‍, പുതിയ പരിഷ്‌കാരത്തില്‍ അവര്‍ പേ വാര്‍ഡുകള്‍ ഉണ്ടാക്കുകയോ, അറ്റകുറ്റപ്പണികള്‍ നടത്തുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ജില്ലാ ആശുപത്രിയിലെ 20 പേര്‍ക്കു കിടക്കാവുന്ന പേ വാര്‍ഡ് കെട്ടിടങ്ങളും ഉപയോഗിക്കാനാവാതെ അടച്ചിട്ടിരിക്കുകയാണ്. പലപ്പോഴും ഇതിനു പകരമായി വിവിധ ഫണ്ടുകളില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പഴയ പേ വാര്‍ഡ് വഴി മുടക്കികളാവുന്നുണ്ട്. ഇതേ തുടര്‍ന്ന് പുതുതായി വരുന്ന കെട്ടിടങ്ങള്‍ പലതും ആശുപത്രിയുടെ രോഗീപരിചരണം വേണ്ട രീതിയില്‍ ലഭ്യമാക്കുന്ന തരത്തിലല്ല. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ വരെ പലയിടത്താണ് കിടത്തുന്നത്. പഴയ കെട്ടിടങ്ങള്‍ക്കു മുകളില്‍ ഷീറ്റിട്ട് സ്ഥല സൗകര്യം ഒരുക്കിയെങ്കിലും പലയിടത്തും വൈദ്യുതി പോലും എത്തിയിട്ടില്ല. ജില്ലാ പഞ്ചായത്ത് 65 ലക്ഷം രൂപ ഉപയോഗിച്ച് ന്യുസര്‍ജിക്കല്‍ വാര്‍ഡിനു മുകളില്‍ രോഗികളെ കിടത്താന്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും കരാറില്‍ വൈദ്യുതി സ്ഥാപിക്കുന്നത് ഇല്ലെന്ന കാരണത്താല്‍ അവിടെ ഉപയോഗ്യമാക്കാനായിട്ടില്ല.
നിലവിലുണ്ടായിരുന്ന പ്രസവവാര്‍ഡ് കെട്ടിടം ആസ്പറ്റോസ് ഷീറ്റിട്ടാണ് കാന്‍സര്‍ വാര്‍ഡിനായി തരം മാറ്റുന്നത്. വര്‍ഷങ്ങളായി ശോച്യാവസ്ഥയിലായ കെട്ടിടത്തിന്റെ മേല്‍ക്കൂര സുരക്ഷിതമല്ല. ആശുപത്രി കോംപൗണ്ടില്‍ ഏറ്റവും താഴ്ചയുള്ള പ്രദേശമായ ഇവിടെ മലിനജലം ഒഴുകിയെത്തുക പതിവാണ്. വളരെ സുരക്ഷിത സൗകര്യങ്ങളോടെ നടപ്പാക്കേണ്ട കാന്‍സര്‍ ചികില്‍സാ വിഭാഗം തട്ടിക്കൂട്ട് കെട്ടിടത്തിലേയ്ക്കു മാറ്റുന്നതിലെ ഉദ്ദേശ്യം ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യത തള്ളാനാവില്ല. ഇതിനു തൊട്ടടുത്തുള്ള ഇന്ത്യ പോപുലേഷന്‍ പദ്ധതിക്കായി ഉണ്ടാക്കിയ പഴയ കെട്ടിടം ഉപയോഗിച്ച് ഡയാലിസിസ് യൂനിറ്റിന്റെ പ്രവൃത്തിയും ആരംഭിക്കുന്നുണ്ട്. പുരുഷന്‍മാരുടെ വാര്‍ഡ് ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണ്. ഇതില്‍ കിടത്തി ചികില്‍സ ആവശ്യമുള്ള മുഴുവന്‍ പേരേയും ഒന്നിച്ചാണ് കിടത്തുന്നത്. പലപ്പോഴും ഇത് രോഗ പകര്‍ച്ചകിടയാക്കാറുണ്ട്. ജില്ലാ ആശുപത്രിയില്‍ എല്ലാ വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയാമെങ്കിലും ആസൂതണത്തില്‍ വരുന്ന പാളിച്ചകള്‍ തുടര്‍ വികസനങ്ങളെ ബാധിക്കും. അതേസമയം, നിലവില്‍ ആസൂത്രണ പാളിച്ചയുണ്ടെന്നും സംസ്ഥാന സര്‍ക്കാറില്‍ പുതുതായി ഒരു മാസ്റ്റര്‍പ്ലാന്‍ നല്‍കാന്‍ ഒരുങ്ങുകയാണെന്നും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അധികൃതര്‍ പറഞ്ഞു. മഞ്ചേരി: പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ മഞ്ചേരിയിലെ പാദരക്ഷ വിപണന കേന്ദ്രം പൂര്‍ണമായും നശിച്ചു. മലപ്പുറം റോഡില്‍ മെഡിക്കല്‍ കോളജിനടുത്തുള്ള ലതര്‍ പ്ലാനെറ്റ് എന്ന സ്ഥാപനത്തിനാണ് തീപ്പിടിച്ചത്. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്നെത്തിയ അഗ്നി രക്ഷാസേനയുടെ അവസരോചിതമായ ഇടപെടലിനാല്‍ നാലു മണിക്കൂറിനകം തീ പടരുന്നത് നിയന്ത്രണവിധേയമാക്കാനായി.
സ്ഥാപനത്തില്‍ വില്‍പനയ്‌ക്കെത്തിച്ച പാദരക്ഷകളും ബാഗുകളുമടക്കം മുഴുവന്‍ സാധനങ്ങളും അഗ്നിക്കിരയായി. 40 ലക്ഷം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ചെരണിയിലെ പൂഴിക്കുത്ത് സുല്‍ഫിക്കറിന്റെ ഉടമസ്ഥതയിലുള്ള മൂന്നുനില കെട്ടിടത്തില്‍ ഭൂനിരപ്പിനു താഴെയുള്ള മുറികളില്‍ അങ്ങാടിപ്പുറം സ്വദേശി എസ് എ അയൂബിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വായു സഞ്ചാരത്തിനുള്ള സംവിധാനങ്ങള്‍ കുറവായിരുന്ന സ്ഥാപനത്തിലെ അഗ്നിബാധ ഏറെ വൈകിയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞയുടന്‍ മഞ്ചേരി അഗ്നി രക്ഷ സേനയുടെ ഒരു വാട്ടര്‍ ടെണ്ടര്‍ സംഭവ സ്ഥലത്തെത്തി തീ പടരുന്നത് നിയന്ത്രണവിധേയമാക്കി.
തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്കും തീ പടരാനുള്ള സാഹചര്യം മുന്‍നിര്‍ത്തി മലപ്പുറം, തിരുവാലി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കോഴിക്കോട് ബീച്ച് എന്നീ നിലയങ്ങളിലെ വാഹനങ്ങളുടെ സഹായം തേടിയാണ് നീണ്ട നാലുമണിക്കൂറുകള്‍ക്കു ശേഷം തീ പൂര്‍ണമായും അണച്ചത്.
കത്തിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ എല്ലാ ഭാഗവും പൂര്‍ണമായും കെട്ടി അടച്ചതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അകത്തു പ്രവേശിക്കാനായില്ല. വായു സഞ്ചാരം ഇല്ലാത്തതിനാല്‍ കെട്ടിടത്തിന്റെ ഭിത്തി പൊളിച്ച് ശ്വസന സഹായികളുടെ സഹായത്തോടെ അകത്തെത്തിയാണ് സേനാംഗങ്ങള്‍ ദൗത്യം പൂര്‍ത്തിയാക്കിയത്.
ജില്ലാ ഫയര്‍ ഓഫിസര്‍ മൂസ വടക്കേതില്‍, നിലമ്പൂര്‍ സ്റ്റേഷന്‍ ഓഫിസര്‍ എം അബ്ദുല്‍ ഗഫൂര്‍, മഞ്ചേരി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ഇ കെ അബ്ദുല്‍ സലീം എന്നിവരുടെ നേതൃത്വത്തില്‍ 43 അഗ്‌നി-രക്ഷാ സേനാ അംഗങ്ങളും 8 അഗ്‌നി-രക്ഷാ വാഹനങ്ങളും ദൗത്യത്തില്‍ പങ്കാളിയായി. അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് കെട്ടിടത്തിലെ മറ്റു സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നില്ല. രക്ഷാ പ്രവര്‍ത്തനത്തില്‍ നാട്ടുകാരും മഞ്ചേരി പോലിസും ട്രോമകെയര്‍ വോളന്റിയര്‍മാരും പങ്കെടുത്തു.
Next Story

RELATED STORIES

Share it