ദിനേശ് ബീഡി തൊഴിലാളികള്‍ക്ക് രണ്ടര വര്‍ഷമായി പെന്‍ഷനില്ല

തിരുവനന്തപുരം: ഗുണഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കാനാവാതെ ആശ്വാസ പെന്‍ഷന്‍ പദ്ധതി. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട കേരള ദിനേശ് ബീഡി തൊഴിലാളി സഹകരണ സംഘത്തിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ രണ്ടര വര്‍ഷമായി പെന്‍ഷന്‍ നല്‍കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധികളില്‍ വീര്‍പ്പുമുട്ടി ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്ന ദിനേശ് ബീഡി തൊഴിലാളികള്‍ക്ക് കൈത്താങ്ങായാണ് സര്‍ക്കാര്‍ ആശ്വാസ പെന്‍ഷന്‍ പദ്ധതി ആരംഭിച്ചത്.
2013 ഫെബ്രുവരി മാസം വരെയുള്ള പെന്‍ഷന്‍ മാത്രമാണ് പദ്ധതി പ്രകാരം ഇതുവരെ അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 2780 തൊഴിലാളികള്‍ ആശ്വാസ പെന്‍ഷന് അര്‍ഹരാണ്. 2013 മാര്‍ച്ച് മാസം മുതല്‍ നടപ്പുസാമ്പത്തിക വര്‍ഷം വരെയുള്ള കുടിശ്ശിക നല്‍കുന്നതിനായി 5,14,30,000 രൂപ ആവശ്യമായി വരുമെന്നാണ് വ്യവസായ വകുപ്പ് നല്‍കുന്ന വിശദീകരണം.
പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതായും വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. 1980-85ലെ ദിനേശ് ബീഡിയുടെ പ്രതാപകാലത്ത് കണ്ണൂര്‍, കാസര്‍കോട്, വടകര ഭാഗങ്ങളിലായി 45,000ത്തോളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. ഇന്ത്യയില്‍ ഏറ്റവും മെച്ചപ്പെട്ട വേതനവും തൊഴില്‍ ആനുകൂല്യങ്ങളും നല്‍കിയിരുന്നത് ദിനേശ് സഹകരണ സംഘമാണ്. ബീഡിമേഖല തകര്‍ച്ചയെ നേരിട്ട തൊണ്ണൂറുകളോടുകൂടി തൊഴിലാളികള്‍ കുത്തനെ കുറയാന്‍ തുടങ്ങി. കമ്പനിക്കുണ്ടാകുന്ന നഷ്ടവും ബീഡിക്ക് ആവശ്യക്കാര്‍ കുറയുന്നതുമാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്.
Next Story

RELATED STORIES

Share it