malappuram local

ദാഹജലത്തിന് പരാതികളുമായി ജനം നാടലയുന്നു

മഞ്ചേരി: ജലലഭ്യത വേനല്‍ കനക്കുന്നതിനൊപ്പം രൂക്ഷമാവുമ്പോള്‍ ദാഹജലത്തിനായി സാധാരണക്കാര്‍ സമരവഴിയേറുന്നു. ദാഹജല പ്രതിസന്ധി സങ്കീര്‍ണമാവുന്ന മഞ്ചേരി നഗരസഭ പരിധിയില്‍ ജല ലഭ്യതാ പ്രശ്‌നം ജനജീവിതത്തെ നേരിട്ടു ബാധിക്കുകയാണ്.
മേലാക്കം കോഴിക്കാട്ടുകുന്ന് പ്രദേശങ്ങളില്‍ വീട്ടമ്മമാര്‍ നേരിട്ടാണു സമര രമഗത്തെത്തിയിരിക്കുന്നത്. പൊതു പരീക്ഷകള്‍ നടക്കുന്ന സമയത്ത് അത്യാവശ്യത്തിനുള്ള വെള്ളം പോലും ലഭിക്കാത്ത സാഹചര്യത്തില്‍ പണം നല്‍കിയും കിലോമീറ്ററുകളലഞ്ഞുമാണു തദ്ദേശീയര്‍ വെള്ളം ശേഖരിക്കുന്നത്.
മേലാക്കം കോഴിക്കാട്ടു കുന്നിലെ പ്രാദേശിക ജലവിതരണ പദ്ധതി സാങ്കേതിക കാരണങ്ങളാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ല. മൂന്ന് വാര്‍ഡുകളിലേക്ക് ജലവിതരണത്തിനായി വിഭാവനം ചെയ്ത പദ്ധതി ശുദ്ധജലം ചുരത്തിയിട്ട് കാലമേറെയായി. ചാലിയാര്‍ പുഴയിലെ വെള്ളം പരമാവധി പ്രയോജനപ്പെടുത്തി നടപ്പാക്കിയ നഗര കുടിവെള്ള പദ്ധതിയുടെ മറവില്‍ നാലു വര്‍ഷം മുമ്പ് ഇത് നിര്‍ത്തുകയായിരുന്നു.
ചാലിയാറിലെ ജല മലിനീകരണം പ്രതിസന്ധിയാവുകയും പമ്പിങ് കൃത്യമായി നടക്കാതിരിക്കുകയും ചെയ്യുമ്പോള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് നാട്ടുകാര്‍.
മേലാക്കത്തുള്ള ചെട്ടിയാര്‍കുളത്തെ ആശ്രയിച്ചാണ് കോഴിക്കാട്ടുകുന്ന് ജലവിതരണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. യഥേഷ്ടം വെള്ളമുള്ള ചെട്ടിയാര്‍കുളത്തിലെ പദ്ധതി പ്രയോജനപ്പെടുത്തിയാല്‍ തന്നെ മേഖലയിലെ ശുദ്ധജല ക്ഷാമത്തിനു പരിഹാരമാവുമെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മുന്‍കാലങ്ങളിലെ വൈദ്യുതി കുടിശിക അടച്ചിട്ടില്ലെന്ന പേരില്‍ പദ്ധതി പുനരുജ്ജീവിപ്പിക്കാനാവില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ക്കടക്കം പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍.
കോഴിക്കാട്ടുകുന്ന് ജലവിതരണ പദ്ധതി പുനരുജ്ജീവിപ്പിക്കാത്ത പക്ഷം ശുദ്ധജലത്തിനായി പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്ന നിലപാടിലാണ് പ്രദേശത്തെ സ്ത്രീകള്‍. അതി രൂക്ഷ വരള്‍ച്ചയിലേക്ക് നാടും നഗരങ്ങളും നീങ്ങുമ്പോള്‍ പാതി വഴിയില്‍ നിലച്ച ജലവിതരണ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലവിലുള്ളപ്പോഴാണ് ഈ ദുരവസ്ഥ. നഗരസഭയുടെ ഭാഗത്തുനിന്നും പ്രശ്‌നത്തില്‍ അനിവാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it