kozhikode local

ദാഹജലത്തിനായി നാടലയുമ്പോള്‍ പാഴായത് 20,000 ലിറ്റര്‍ വെള്ളം

വടകര: കൊടും വേനലില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ ജലനിധി ടാങ്കിലെ വെള്ളം പൈപ്പ് പൊട്ടി പാഴായത് വേദനിപ്പിക്കുന്ന കാഴ്ചയായി. വില്യാപ്പള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡായ കൂട്ടങ്ങാരത്ത് ഉയരത്തില്‍ കെട്ടിപ്പൊക്കിയ കോണ്‍ക്രീറ്റ് ടാങ്കിലെ വെള്ളമാണ് ഉപയോഗിക്കാനാവാതെ മണിക്കൂറുകളോളം പുറത്തേക്ക് പോയത്.
ടാങ്കില്‍ നിന്നുള്ള മെയിന്‍ പൈപ്പിന്റെ ജോയിന്റ് പൊട്ടിയതോടെ വെള്ളം പാഴായി പോവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത ജലനിധി പദ്ധതിയുടെ ടാങ്കിന് ഇരുപതിനായിരം ലിറ്റര്‍ ശേഷിയുണ്ട്.
ഈ പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ടാങ്കില്‍ നിന്നുള്ള പൈപ്പ് കഴിഞ്ഞ ദിവസം രാവിലെയാണ് പൊട്ടിയത്. വെള്ളം പുറത്തേക്ക് ധാരയായി വീഴുന്നത് നോക്കി നില്‍ക്കാനേ പ്രദേശത്തുകാര്‍ക്കായൂള്ളൂ.
വെള്ളം പാഴായതോടെ നാട്ടുകാര്‍ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടി. കുഴല്‍കിണറുള്ള വീട്ടുകാരെ ആശ്രയിച്ചാണ് അത്യാവശ്യകാര്യങ്ങള്‍ നിറവേറ്റിയത്. കോഴിക്കോട്ടെ കമ്പനിക്കാണ് ടാങ്കിന്റെ ചുമതല. പിറ്റേദിവസം എത്തിയ കമ്പനി അധികൃതര്‍ പ്രശ്‌നം പരിഹരിച്ച് വൈകുന്നേരത്തോടെ ടാങ്കില്‍ വെള്ളം സംഭരിച്ചുതുടങ്ങി.
Next Story

RELATED STORIES

Share it