ദാദ്രി: ഗൂഢാലോചന ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു

ദാദ്രി: ദാദ്രി കൊലപാതകത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുടെ സാധ്യത നിഷേധിച്ച് കുറ്റപത്രം. കഴിഞ്ഞയാഴ്ച ഗ്രേറ്റര്‍ നോയിഡ കോടതിയില്‍ പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കേസില്‍ കുറ്റകരമായ ഗൂഢാലോചന നടന്നിട്ടില്ലെന്ന് പറയുന്നത്. കേസില്‍ ഗൂഢാലോചന നടന്നതായി ന്യൂനപക്ഷ കമ്മീഷന്‍ നിരന്തരമായി വ്യക്തമാക്കുന്നതിനിടെയാണ് ഇത് പോലിസ് നിഷേധിക്കുന്നത്. കേസിലെ 19 പ്രതികളില്‍ 15 പേരുടെ പേര് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ബിജെപി പ്രാദേശിക നേതാവ് സഞ്ജയ് റാണയുടെ മകന്‍ വിശാല്‍ റാണ, ഇയാളുടെ അമ്മാവന്റെ മകന്‍ ശിവം റാണ തുടങ്ങിയവരുടെ പേര് കുറ്റപത്രത്തിലുണ്ട്.
സപ്തംബര്‍ 28നായിരുന്നു ഗോ മാംസം സൂക്ഷിച്ചെന്നാരോപിച്ച് ഒരുസംഘമാളുകള്‍ ദാദ്രിയിലെ ബിഷാദ ഗ്രാമത്തില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ അഖ്‌ലാഖിന്റെ മകന്‍ ഡാനിഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു പ്രതികള്‍ക്കെതിരേ കേസെടുത്തിരുന്നത്. എന്നാല്‍ പ്രധാന വകുപ്പായ 120 എ (കുറ്റകരമായ ഗൂഢാലോചന) പോലിസ് ഉള്‍പ്പെടുത്തിയില്ല.
ഒക്ടോബറില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ദാദ്രി കൊലപാതകം വ്യക്തമായ തയ്യാറെടുപ്പോടെ നടത്തിയതാണെന്ന് പറയുന്നു. കൊലപാതകം പെട്ടെന്നുണ്ടായതാണെന്ന് പറയുന്നത് അതിന്റെ വ്യാപ്തി കുറയ്ക്കാനാണെന്നും ഇതിനു പിറകില്‍ ചില ബുദ്ധികേന്ദ്രങ്ങള്‍ ഉണ്ടെന്നും ന്യൂനപക്ഷ കമ്മീഷന്‍ റിപോര്‍ട്ടില്‍ പറയുന്നു. പോലിസിന്റെ കുറ്റപത്രത്തില്‍ അജ്ഞാതരായ ചിലരുടെ പ്രകോപനങ്ങളെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന വിശാല്‍ റാണയുടെയും ശിവം റാണയുടെയും പ്രസ്താവനകള്‍ ഉദ്ധരിക്കുന്നു. കുറ്റകരമായ ഗൂഢാലോചനയ്ക്കുള്ള വകുപ്പുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താത്ത പോലിസ് നടപടി വാദി ഭാഗം അഭിഭാഷകര്‍ക്ക് പ്രതികള്‍ക്കെതിരേ കൊലക്കുറ്റം സ്ഥാപിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കും. കേസന്വേഷിച്ച ലോക്കല്‍ പോലിസ് കുറ്റകരമായ ഗൂഢാലോചനയ്ക്കുള്ള സാധ്യത കണ്ടെത്തിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it