ദലിത് പ്രക്ഷോഭങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് ഭരണ- പ്രതിപക്ഷ നിര

തിരുവനന്തപുരം: രാജ്യത്ത് ദലിത് വിഭാഗങ്ങളുടെ പ്രക്ഷോഭങ്ങളെ അതിക്രമത്തിലൂടെ നേരിടുന്നതിനെതിരേയും പ്രക്ഷോഭകരെ വെടിവച്ചുകൊല്ലുന്നതിനെതിരേയും ഏകസ്വരമുയര്‍ത്തി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ നിര. രാജ്യത്തെ നാലിലൊന്നു വരുന്ന പട്ടികവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒരു സംഭവം ഉണ്ടായിട്ടും അതിനു പരിഹാരമാര്‍ഗം കാണാതെ പ്രക്ഷോഭകരെ വെടിവച്ചുകൊല്ലുന്ന സമീപനം ഒട്ടും ന്യായീകരിക്കാവുന്നതല്ലെന്നും ഇതിനെ ഐകകണ്‌ഠ്യേന അപലപിക്കണമെന്നും മന്ത്രി എ കെ ബാലന്‍ ആവശ്യപ്പെട്ടു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ താല്‍പര്യം മാനിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുന്നതിനുള്ള നിയമവശങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യത്തിലുള്ള സംസ്ഥാനത്തിന്റെ വികാരം കേന്ദ്രത്തെ അറിയിക്കുന്നതിനായി പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
എന്നാല്‍, പ്രമേയം പാസാക്കുന്നതു സംബന്ധിച്ച് പിന്നീട് ആലോചിക്കാമെന്ന് മന്ത്രി പറഞ്ഞു. സുപ്രിംകോടതി വിധി പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിന്റെ അന്തസ്സത്ത ചോര്‍ത്തുന്നതാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. വിധിക്കെതിരേ സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കണമെന്നും വിധിയെ മറികടക്കാന്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വിധി മൂലമുണ്ടായ ആശങ്കകള്‍ സര്‍ക്കാര്‍ വിശദമായി പരിശോധിച്ചുവരുകയാണ്. സുപ്രിംകോടതിവിധി നിലവിലുള്ള നിയമത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it