Editorial

ദലിത് പദത്തിനോട് ആര്‍ക്കാണു വിരോധം?

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെ സൂചിപ്പിക്കാന്‍ മാധ്യമങ്ങള്‍ ദലിത് എന്ന സംജ്ഞ ഉപയോഗിക്കരുതെന്ന കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന്റെ വിജ്ഞാപനം വിചിത്രവും വിരുദ്ധോക്തികളുടെ ആകത്തുകയുമാണ്. ബോംബെ ഹൈക്കോടതി മുമ്പാകെ വന്ന ഒരു പൊതുതാല്‍പര്യ ഹരജിയിലെ വിധിയുടെ മറപിടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ 'ദലിത്' പ്രയോഗത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ 30 ശതമാനത്തിലധികം വരുന്ന കീഴാള ബഹുജന്‍ സമൂഹത്തെ മൊത്തത്തില്‍ ദ്യോതിപ്പിക്കുന്ന വ്യവഹാര സംജ്ഞയായാണ് ആദ്യകാലത്ത് ദലിത് എന്ന പദം ഇടംപിടിച്ചത്. എന്നാല്‍, പിന്നീടിത് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെ പൊതുവായി പ്രതിനിധാനം ചെയ്യുന്ന പ്രയോഗമായി പ്രചുരപ്രചാരം നേടി. ദലിത് എന്ന പ്രയോഗം പാടില്ലെന്നു വിലക്കാന്‍ ഭരണകൂടത്തിന് ആരാണ് അനുമതി നല്‍കിയത്? ഒരു ജനത തങ്ങളെ സ്വയം അടയാളപ്പെടുത്താന്‍ അവലംബിക്കുന്ന ഇത്തരം വ്യവഹാരപദങ്ങളെ അട്ടിമറിക്കുന്നതിനു പിന്നില്‍ നിയതമായ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ട് എന്നു കണ്ടെത്താന്‍ ഗവേഷണപടുത്വമൊന്നും വേണ്ടതില്ല.
'ഹരിജന്‍' എന്നു ഗാന്ധിജിയും കര്‍ഷകത്തൊഴിലാളികള്‍ എന്ന് ഇന്ത്യയിലെ പരമ്പരാഗത മാര്‍ക്‌സിസ്റ്റുകളും ഭൂരഹിത കര്‍ഷകര്‍ എന്നു നക്‌സലൈറ്റ് ധാരയിലുള്ള പാര്‍ട്ടികളും ദലിതുകളെ വിവക്ഷിച്ചിരുന്നു. ഗാന്ധിയുടെ പ്രയോഗത്തിലെ അസാംഗത്യവും അനൗചിത്യവും തിരിച്ചറിഞ്ഞ ദലിത് സമൂഹം മുമ്പേതന്നെ ഇതു വലിച്ചെറിഞ്ഞു. പിന്നീടത് സാമൂഹികമായി തന്നെ ബഹിഷ്‌കൃത സംജ്ഞയായത് ചരിത്രം. മാര്‍ക്‌സിസ്റ്റുകളുടെ പദപ്രയോഗങ്ങള്‍ ഇന്ത്യന്‍ ജാതിഘടനയെയും ദലിത് സ്വത്വനിര്‍ണയത്തെയും സംബന്ധിച്ചുള്ള അവരുടെ അയഥാര്‍ഥവും വികലവുമായ സൈദ്ധാന്തിക പരികല്‍പനകളില്‍ ഒതുങ്ങുന്നതുമായിരുന്നു. ഈ പശ്ചാത്തലത്തില്‍ വേണം തങ്ങളെ അടയാളപ്പെടുത്താന്‍ അവര്‍ സ്വയം തന്നെ സ്വീകരിച്ച ഒരു വ്യവഹാരസംജ്ഞയെ പരിശോധിക്കേണ്ടത്. ദലിത് എന്ന പ്രയോഗം അംബേദ്കര്‍ വീക്ഷണങ്ങളുടെ അടിത്തറയില്‍ നിന്ന് ഉരുവംകൊണ്ടതും പഴയ 'അയിത്തക്കാരുടെ' പൈതൃകത്തിന്റെയും സാംസ്‌കാരിക വൈവിധ്യങ്ങളുടെയും ആത്മബോധപ്രചോദിതമായ ഒരു ആവിഷ്‌കാരവുമാണ്. മറ്റൊരര്‍ഥത്തില്‍, ഇത് സ്വത്വബോധത്തിന്റെയും അതിലുപരി സാമുദായിക സ്വയംനിര്‍ണയത്തിന്റെയും അടയാളപ്പെടുത്തല്‍ കൂടിയാണ്.
ഇന്നിപ്പോള്‍ കേന്ദ്രം ഭരിക്കുന്ന ഹിന്ദുത്വസര്‍ക്കാര്‍ ദലിത് പ്രയോഗത്തെയും അതിന്റെ വിപ്ലവകരമായ രാഷ്ട്രീയ ഉള്ളടക്കത്തെയും ഭയപ്പെടുന്നതിന് കൃത്യമായ കാരണങ്ങളുണ്ട്. ഹിന്ദുരാഷ്ട്ര സ്ഥാപനമെന്ന ലക്ഷ്യത്തിനായി ഹിന്ദു ഏകീകരണമെന്ന തങ്ങളുടെ കര്‍മപരിപാടിക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതികൂലമായ ഒന്നാണ് ദലിത് രാഷ്ട്രീയം എന്നവര്‍ക്കറിയാം. ഗാന്ധിജിയും ദലിതുകള്‍ ഹിന്ദു ചട്ടക്കൂടിനുള്ളില്‍ നിലനിന്നുകാണണമെന്നാണല്ലോ ആഗ്രഹിച്ചിരുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ ഭാവിപോരാട്ടത്തിലെ കേന്ദ്ര ഘടകങ്ങളിലൊന്നായി വര്‍ത്തിക്കാന്‍ പോവുന്നത് ദലിത്-മതന്യൂനപക്ഷ അടിത്തറയിലുള്ള മതനിരപേക്ഷ വേദികളുടെ ആവിര്‍ഭാവമായിരിക്കും. അതുകൊണ്ടുതന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ദലിത് എന്ന പ്രയോഗത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത്.



Next Story

RELATED STORIES

Share it