Flash News

ദലിതുകള്‍ക്ക് വേണ്ടി മോദി ഒന്നും ചെയ്തില്ലെന്ന് ബിജെപി എംപി

ദലിതുകള്‍ക്ക് വേണ്ടി മോദി ഒന്നും ചെയ്തില്ലെന്ന് ബിജെപി എംപി
X
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ദലിത് വിരുദ്ധ നിലപാടുകള്‍ക്കെതിരേ ബിജെപിയിലെ കൂടുതല്‍ ദലിത് നേതാക്കള്‍ പരസ്യവിമര്‍ശനവുമായി രംഗത്ത്. ദലിതുകള്‍ക്കു വേണ്ടി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നു ബിജെപിയുടെ ലോക്‌സഭാംഗം യശ്വന്ത് സിന്‍ഹ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ദലിത് നേതാവ് എന്ന നിലയ്ക്ക് തന്റെ കഴിവുകള്‍ പാര്‍ട്ടി ഉപയോഗപ്പെടുത്തിയിട്ടില്ല. സംവരണമണ്ഡലത്തെയാണ് താന്‍ പ്രതിനിധീകരിക്കുന്നത്.
കഴിഞ്ഞ നാലുവര്‍ഷമായി രാജ്യത്തെ 30 കോടി ദലിതുകള്‍ക്കു വേണ്ടി ഈ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്നും ഹിന്ദിയില്‍ എഴുതിയ കത്തില്‍ അദ്ദേഹം പറയുന്നു. കത്തിന്റെ പകര്‍പ്പ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്. ദലിത് വിഷയത്തില്‍ കേന്ദ്രത്തിലെ മോദിസര്‍ക്കാരിനും ബിജെപിക്കുമെതിരേ പരസ്യ വിമര്‍ശനവുമായി വരുന്ന ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെ നാലാമത്തെ ദലിത് നേതാവാണ് നഗിന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യശ്വന്ത് സിന്‍ഹ.


നേരത്തേ, സാവിത്രിഭായ് ഫൂലെ (ബഹ്‌റിച്ച്), ഛോട്ടെലാല്‍ ഖര്‍വാര്‍ (റോബര്‍ട്‌സ്ഗഞ്ച്), അശോക് കുമാര്‍ ദോഹ്രെ (ഇറ്റാവ) എന്നിവരും പാര്‍ട്ടി നയത്തിനെതിരേ രംഗത്തുവന്നിരുന്നു. പരാതി പറയാനെത്തിയ തന്നെ രണ്ടുതവണ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെറിപറഞ്ഞ് ഇറക്കിവിട്ടെന്നും മോശമായി പെരുമാറിയെന്നും ഛോട്ടെലാല്‍ ഖര്‍വാര്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.
ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിന്റെ മറവില്‍ സവര്‍ണജാതിക്കാര്‍ ദലിതുകള്‍ക്കെതിരേ വ്യാപകമായി നടത്തിയ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അശോക് കുമാര്‍ ദോഹ്രെ എംപി പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നത്. യോഗി ആദിത്യനാഥിന്റെയും ബിജെപി യുപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡ്യയുടെയും പേര് പരാമര്‍ശിച്ചുള്ള കത്തിന്റെ പകര്‍പ്പ് അദ്ദേഹം ദേശീയ പട്ടികജാതി-വര്‍ഗ കമ്മീഷനും അയച്ചുകൊടുത്തിരുന്നു.
നരേന്ദ്രമോദി സര്‍ക്കാരിനു കീഴില്‍ ദലിതുകള്‍ക്കെതിരേ ഗൂഢാലോചന നടക്കുകയാണെന്ന് ആരോപിച്ചാണ് സാവിത്രി ഫൂലെ എംപി പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി ചെയ്യാനുള്ള നീക്കമാണ് നടത്തുന്നതെന്നും അവര്‍ കത്തില്‍ ഉന്നയിച്ചിരുന്നു. ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള ബിജെപിയുടെ നയത്തിനെതിരേ കേന്ദ്രമന്ത്രിമാരായ രാംദാസ് അത്തേവാലയും രാംവിലാസ് പാസ്വാനും പരസ്യമായി രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it