kozhikode local

ദയാവധ അനുമതി പൗരജീവിതത്തിന് മേലുള്ള വെല്ലുവിളി: കാന്തപുരം

കോഴിക്കോട്: നിഷ്‌ക്രിയ ദയാവധത്തിന് (പാസിവ് യുത്തനേസിയ) ഉപാധികളോടെ അനുമതി നല്‍കിയ  സുപ്രീംകോടതി ഉത്തരവ് പൗരന്റെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള വെല്ലുവിളിയാണെന്നും സുപ്രീം കോടതി ഈ തീരുമാനം പുനപരിശോധിക്കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍.
മനുഷ്യനു ജനിക്കാനും ജീവിക്കാനും മരിക്കാനും ഉള്ള തീരുമാനം ദൈവത്തിന്റേതാണ് എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷവും. ആത്മഹത്യ ശ്രമവും ആത്മഹത്യാ പ്രേരണയും കുറ്റകരമാണ് എന്നാണു ഇന്ത്യന്‍ ശിക്ഷാ നിയമം പറയുന്നത്. ഒരാള്‍ സ്വയം ആത്മഹത്യക്കു ശ്രമിച്ചാല്‍ കുറ്റകരമാണ് എന്ന് സുപ്രീം കോടതി അഭിപ്രായപ്പെടുന്നത്  ജീവന്‍ നശിപ്പിക്കാന്‍ ഒരു പൗരനും അവകാശമില്ല എന്നതിനാലാണ്.
ദുസ്സഹവും സങ്കീര്‍ണ്ണവുമായ നിലയിലുള്ള  ഒരു രോഗിക്ക് നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന ജീവന്‍ നിലനിര്‍ത്താനുള്ള സംവിധാനങ്ങള്‍ പിന്‍വലിച്ചാല്‍ അയാള്‍ മരിക്കുമെങ്കില്‍ ഡോക്ടറോ, ഉത്തരവാദിത്തപ്പെട്ടവരോ അവ പിന്‍വലിക്കുന്നത്  ഇന്ത്യന്‍ ശിക്ഷ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമാവേണ്ടതാണ്. അതിനാ ല്‍ നിരുപാധികമോ സോപാധികമോ ആയ നിഷ്‌ക്രിയ ദയാവധം അംഗീകരിക്കാവുന്നതല്ല.  എത്രയോ മാറാരോഗികള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്ന അനുഭവങ്ങളും അനേകമുണ്ട് .
അതോടൊപ്പം  വിവിധ മതവിശ്വാസികളുടെ വിശ്വാസത്തെയും ആചാരങ്ങളെയും ഹനിക്കുന്ന വിധി ആയതിനാലും സുപ്രീം കോടതി ഈ നിലപാട് പുനപരിശോധിക്കേണ്ടതുണ്ടെന്നും കാന്തപുരം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it