ദമ്പതികള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം; എസ്ഡിപിഐ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തി

തിരുവനന്തപുരം: മിശ്രവിവാഹിതരെ സഹായിച്ചെന്നാരോപിച്ച് യുവാവിനും കുടുംബത്തിനും നേരെ ആക്രമണം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ തമ്പാനൂര്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധക്കാരെ സ്റ്റേഷന് സമീപം പോലിസ് തടഞ്ഞു. പ്രതിഷേധം തുടര്‍ന്ന പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് ജലപീരങ്കി ഉപയോഗിച്ചു.
പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ക്ക് നേരെ സമീപത്തെ സാമൂഹികവിരുദ്ധര്‍ മതാധിക്ഷേപം നടത്തിയത് സംഘര്‍ഷത്തിനിടയാക്കി. എസ്ഡിപിഐ പ്രവര്‍ത്തകരെ പോലിസ് നീക്കിയ ശേഷവും ഇവര്‍ സംഘര്‍ഷം തുടര്‍ന്നതോടെ പോലിസ് ലാത്തി വീശി. ചിലരെ പോലിസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.
ആക്രമണം സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും സിറ്റി പോലിസ് കമ്മീഷണര്‍ക്കും കുടുംബം പരാതി നല്‍കി. ബിജെപി കൗണ്‍സിലര്‍ എം ആര്‍ ഗോപന്റെ മകന്റെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ശനിയാഴ്ച രാത്രി 10ഓടെ രാജറാണി എക്‌സ്പ്രസില്‍ നിലമ്പൂരിലേക്ക് പോവുന്നതിനിടെ ട്രെയിനില്‍ നിന്ന് പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു.  തലസ്ഥാനത്ത് ട്രെയിനില്‍ കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി പ്രാവച്ചമ്പലം അഷ്‌റഫ് മൗലവി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി രാജ്യറാണി എക്‌സ്പ്രസില്‍ 11 മാസം പ്രായമുള്ള കുട്ടിയുള്‍പ്പെട്ട കുടുംബത്തെ  ഉത്തരേന്ത്യന്‍ മോഡലില്‍ നാല്‍പതോളം വരുന്ന ആര്‍എസ്എസ് ക്രിമിനലുകള്‍ ആക്രമിച്ചത് കേരള ജനതയെ ഞെട്ടിച്ചു.
ഇത്തരം ഉത്തരേന്ത്യന്‍ ടെസ്റ്റ് ഡോസുകള്‍ക്ക് കേരളത്തില്‍ അവസരം നല്‍കിയാല്‍ നമ്മുടെ നാടിന് ഒരുപാട് വില നല്‍കേണ്ടി വരും. ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ്, വൈസ് പ്രസിഡന്റ്് വേലുശ്ശേരി സലാം, ട്രഷറര്‍ സിദ്ദീഖ്, നേമം മണ്ഡലം പ്രസിഡന്റ് യൂസുഫ് മണക്കാട്, തിരുവനന്തപുരം മണ്ഡലം സെക്രട്ടറി മഹ്ഷൂദ്, വൈസ് പ്രസിഡന്റ്് എം എസ് സലീം നേതൃത്വം നല്‍കി.
പ്രതിഷേധ പ്രകടനം കഴിഞ്ഞു സമാധാനപരമായി തിരിച്ചു പോയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തില്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ചില സാമൂഹിക വിരുദ്ധര്‍  തമ്പാനൂര്‍ ഓട്ടോറിക്ഷാ സ്റ്റാന്റിന് മുന്നില്‍ നിന്ന് മതാധിക്ഷേപം നടത്തുകയും ആക്രമണ ശ്രമം നടത്തുകയും ചെയ്യുകയായിരുന്നുവെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it