wayanad local

ദമ്പതികളെ ഊരുവിലക്കിയ സംഭവം : മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങില്‍ നടപടിയായില്ല



മാനന്തവാടി: ദമ്പതികളെ ഊരുവിലക്കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങില്‍ നടപടിയുണ്ടായില്ല. യാദവ ദമ്പതികളെ ഊരുവിലക്കിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരകളെ വിളിച്ചുവരുത്തി ഹിയറിങ് നടത്തിയെങ്കിലും തുടര്‍നടപടികളെടുക്കാന്‍ സാധിച്ചില്ല. യാദവ സമുദായാംഗങ്ങളായ അരുണ്‍-സുകന്യ ദമ്പതികളെ നാലര വര്‍ഷക്കാലമായി ഊരുവിലക്കും ഭ്രഷ്ടും കല്‍പിച്ച് സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഒരു മാസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ വയനാട് കലക്ടറോടും ജില്ലാ പോലിസ് മേധാവിയോടും സാമൂഹികനീതി ഓഫിസറോടും ആവശ്യപ്പെട്ടു. കൂടാതെ കമ്മീഷന്റെ ജില്ലയിലെ സിറ്റിങില്‍ ഇതു സമര്‍പ്പിക്കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, സാമൂഹികനീതി വകുപ്പിന്റെ റിപോര്‍ട്ട് മാത്രമാണ് ലഭിച്ചതെന്നും റിപോര്‍ട്ടുകള്‍ ലഭിക്കാത്തതിനാല്‍ അടുത്ത സിറ്റിങില്‍ തുടര്‍നടപടികള്‍ എടുക്കാമെന്നാണ് കമ്മീഷന്‍ അറിയിച്ചതെന്നും ദമ്പതികള്‍ പറഞ്ഞു. ജില്ലാ സാമൂഹികനീതി ഓഫിസര്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപോര്‍ട്ട് അപൂര്‍ണവും അവ്യക്തവുമാണെന്നും തങ്ങളുടെ ഭാഗം പൂര്‍ണമായി ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹിയറിങ് സമയത്ത് ദമ്പതികള്‍ ജില്ലാ സാമൂഹികനീതി വകുപ്പിനെ അറിയിച്ചു. ഇതേത്തുടര്‍ന്ന് റിപോര്‍ട്ട് തിരുത്തി കമ്മീഷന് സമര്‍പ്പിക്കാമെന്നു സാമൂഹികനീതി ഉദ്യോഗസ്ഥര്‍ പറയുകയും പഴയ റിപോര്‍ട്ട് ചെറിയ വ്യത്യാസത്തോടെ വീണ്ടും സമര്‍പ്പിക്കുകയുമായിരുന്നു. എന്നാല്‍, പുതുതായി സമര്‍പ്പിച്ച റിപോര്‍ട്ടിലും തങ്ങള്‍ അനുഭവിച്ച ഭ്രഷ്ടിന്റെയും ഊരുവിലക്കിന്റെയും പൂര്‍ണ വിവരങ്ങളില്ലെന്നും ഇതു കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമമാണോ എന്നു സംശയിക്കുന്നതായും അരുണും സുകന്യയും പറയുന്നു. ഊരുവിലക്കുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരിക്കെയാണ് സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ മൊഴിയെടുത്തതെന്നും വസ്തുതകള്‍ തെറ്റിച്ചാണ് റിപോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളതെന്നും ദമ്പതികള്‍ പറഞ്ഞു. നാലര വര്‍ഷത്തെ ഊരുവിലക്കുമായി ബന്ധപ്പെട്ട വിഷയം സംഘര്‍ഷത്തിലേക്കെത്തിയിട്ടും അധികൃതര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നു സംഭവം പുറംലോകത്തെത്തിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ശ്രീജിത്ത് പെരുമന കുറ്റപ്പെടുത്തി. മനുഷ്യാവകാശ കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കക്ഷി ചേര്‍ന്നെങ്കിലും കേസുമായി ബന്ധപ്പെട്ട സിറ്റിങില്‍ വിളിക്കാത്തത് കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസ്, അടിയന്തര നടപടിയാവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിക്ക് നല്‍കിയ നിര്‍ദേശം അഡീഷനല്‍ ചീഫ് സെക്രട്ടറി മുഖേന സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നു ജില്ലാ സാമൂഹികനീതി ഓഫിസര്‍ അഡ്വ. ശ്രീജിത്ത് പെരുമനയെ അറിയിക്കുകയായിരുന്നു. കര്‍ശന നിര്‍ദേശമുണ്ടായിട്ടും നാളിതുവരെ യാതൊരു അറിയിപ്പുകളും നിര്‍ദേശങ്ങളും നല്‍കാത്തത് കടുത്ത നിയമലംഘനമാണെന്നും സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വിവിധ സംഘടനകള്‍ സഹായവുമായി രംഗത്തെത്തിയിട്ടും നാളിതുവരെയായി ദമ്പതികള്‍ക്ക് നീതി ലഭിച്ചില്ല.
Next Story

RELATED STORIES

Share it