ദമ്പതികളുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; മരണത്തിന് ഉത്തരവാദി സിപിഎം കൗണ്‍സിലറെന്ന് ആരോപണം

കോട്ടയം: ചങ്ങനാശ്ശേരിയില്‍ പോലിസ് ചോദ്യംചെയ്ത ശേഷം വിട്ടയച്ച ദമ്പതികള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ സിപിഎം കൗണ്‍സിലറെ വെട്ടിലാക്കി ആത്മഹത്യാ കുറിപ്പ്. ചങ്ങനാശ്ശേരി പുഴവാത് ഇല്ലംപള്ളി വീട്ടില്‍ സുനില്‍ (31), രേഷ്മ (27) എന്നിവരെയാണ് ബുധനാഴ്ച സയനൈഡ് കഴിച്ച് വീട്ടിനുള്ളില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.
സ്വര്‍ണം നഷ്ടപ്പെട്ടെന്ന സിപിഎം നഗരസഭാംഗം സജികുമാറിന്റെ പരാതിയില്‍ ഇവരെ കഴിഞ്ഞദിവസം പോലിസ് ചോദ്യം ചെയ്തിരുന്നു. രേഷ്മ എഴുതിയെന്നു കരുതുന്ന കുറിപ്പാണ് പോലിസ് കണ്ടെത്തിയത്. ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. സ്വര്‍ണം മോഷ്ടിച്ചെന്ന് പോലിസ് മര്‍ദിച്ച് എഴുതിവാങ്ങുകയായിരുന്നു. ആത്മഹത്യക്കു കാരണം ചങ്ങനാശ്ശേരി നഗരസഭാ സിപിഎം കൗണ്‍സിലര്‍ സജികുമാറാണ്. 12 വര്‍ഷത്തിലേറെയായി സജികുമാറിന്റെ വീട്ടില്‍ സുനില്‍കുമാര്‍ ജോലിചെയ്യുന്നുണ്ട്. 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്ന് പറഞ്ഞാണു സജികുമാര്‍ പരാതി നല്‍കിയത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് സജികുമാര്‍ തന്നെയാണു സ്വര്‍ണം വിറ്റത്.
ഇതില്‍ 100 ഗ്രാം സ്വര്‍ണം മാത്രമേ തങ്ങളുടെ ഭാഗത്തുനിന്ന് നഷ്ടപ്പെട്ടിട്ടുള്ളൂ. എന്നാല്‍, 400 ഗ്രാം സ്വര്‍ണം എടുത്തെന്ന് പോലിസ് മര്‍ദിച്ച് മൊഴിയെടുക്കുകയായിരുന്നു. മുഴുവന്‍ ഉത്തരവാദിത്തവും തങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നു. എട്ടുലക്ഷം രൂപ ബുധനാഴ്ച വൈകീട്ട് തിരിച്ചുനല്‍കാമെന്ന് പോലിസ് മര്‍ദിച്ച് സമ്മതിപ്പിച്ച് എഴുതിവയ്പിച്ചു. താലിമാലയും കമ്മലും വിറ്റിട്ടാണ് വാടകവീട് എടുത്തത്. അതുകൊണ്ട് ഞങ്ങള്‍ മരിക്കാന്‍ തീരുമാനിച്ചു. എന്നിങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പ് എഴുതിവച്ച വിവരം ബന്ധുവിനെ വിളിച്ചറിയിച്ച ശേഷമാണ് ഇരുവരും വിഷം കഴിച്ചത്. സ്വര്‍ണപ്പണിക്കാരനായിരുന്ന സുനില്‍, ഹിദായത്ത് നഗറിലുള്ള നഗരസഭാംഗം ഇ എ സജികുമാറിന്റെ വീട്ടില്‍ കഴിഞ്ഞ 12 വര്‍ഷമായി സ്വര്‍ണപ്പണി ചെയ്യുകയായിരുന്നു. ആത്മഹത്യ ചെയ്യുംമുമ്പേ സുനില്‍കുമാര്‍ സഹോദരന്‍ അനിലിനെ ടെലിഫോണില്‍ വിളിച്ച് ജീവിതം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it