World

ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രമാതാവിന് വിട

ജൊഹാനസ്ബര്‍ഗ്: വിന്നി മഡികിസേല മണ്ടേല, ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രമാതാവിന് വിട ചൊല്ലി ലോകം. രാജ്യത്തെ വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ ഭര്‍ത്താവ് നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പം നിലകൊണ്ട വ്യക്തിത്വമാണ് വിന്നി മണ്ടേല.
നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പവും അല്ലാതെയും ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗക്കാരുടെ പോരാട്ടങ്ങളില്‍ അവര്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തെത്തുടര്‍ന്ന് നെല്‍സണ്‍ മണ്ടേല തടവില്‍ കഴിയവേ പുറത്തുള്ള പോരാട്ടങ്ങള്‍ക്ക് വിന്നി മണ്ടേല നേതൃത്വം നല്‍കി. തടവറയ്ക്കുള്ളില്‍നിന്നു മണ്ടേലയും പ്രക്ഷോഭകര്‍ക്കൊപ്പം നിന്നു വിന്നിയും നയിച്ച പോരാട്ടങ്ങള്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറി ഭരണകൂടത്തെ തകര്‍ത്തെറിയുന്നതിലേക്ക് നയിച്ചു.
ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് (എഎന്‍സി) പ്രവര്‍ത്തകയായിരിക്കവേയാണ് വിന്നി നെല്‍സണ്‍ മണ്ടേലയെ കണ്ടുമുട്ടുന്നത്. 1958ലായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു അത്. 1975ല്‍ എഎന്‍സിയുടെ വിമന്‍സ് ലീഗിന്റെ നേതാവായി. എന്നും സമരങ്ങളുടെ മുന്‍നിരയിലായിരുന്നു വിമന്‍സ് ലീഗും വിന്നിയും. തീപ്പൊരി ചിതറുന്ന പ്രസംഗങ്ങളും അനുതാപമുള്ള പെരുമാറ്റവും അവരെ ജനങ്ങളുടെ പ്രിയപ്പെട്ടവളാക്കി.
ഏകാന്തതയുടെ കാലങ്ങളിലൂടെ ദീര്‍ഘകാലം അവര്‍ കടന്നുപോയി. 1992ല്‍ നെല്‍സണ്‍ മണ്ടേലയുമായി അകലാനാരംഭിച്ചത് പിന്നീട് വിവാഹമോചനത്തിലേക്കെത്തിച്ചു. 96ലായിരുന്നു വിവാഹമോചനം. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി നെല്‍സണ്‍ മണ്ടേല സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലേക്കു വിന്നിയെ ക്ഷണിക്കാതിരിക്കാന്‍ ഈ അകല്‍ച്ച കാരണമായി. വിവാഹമോചന ശേഷവും വിമന്‍സ് ലീഗ് അധ്യക്ഷയെന്ന നിലയില്‍ അവര്‍ ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യമായി തുടര്‍ന്നു. 2011ല്‍, നെല്‍സണ്‍ മണ്ടേലയും വിന്നി മണ്ടേലയും ഒരു വേദിയില്‍ ഒരുമിച്ചെത്തി; 1991ല്‍ നെല്‍സണ്‍ മണ്ടേല ജയില്‍മോചിതനായതിന്റെ 20ാം വാര്‍ഷിക ചടങ്ങില്‍ മണ്ടേലയുടെ മുന്‍ പത്‌നിയെന്ന നിലയിലല്ലാതെ, ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍.
Next Story

RELATED STORIES

Share it