Flash News

ത്രിപുരയില്‍ 78.56% പോളിങ്

അഗര്‍ത്തല: ത്രിപുരയില്‍ 60 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്.  78.56 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. രാവിലെ 7 മണിക്കാണ് വോട്ടിങ് ആരംഭിച്ചത്. 60ല്‍ 59 സീറ്റിലേക്കുള്ള വോട്ടെടുപ്പിനായി 3,214 പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കിയത്. സംസ്ഥാനത്തെവിടെയും അക്രമസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.
60 നിയമസഭാ സീറ്റില്‍ 59 എണ്ണത്തിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ചരിലം നിയമസഭാ മണ്ഡലത്തില്‍ മാര്‍ച്ച് 12ന് വോട്ടെടുപ്പ് നടത്തും. സിപിഎം സ്ഥാനാര്‍ഥിയായിരുന്ന രാമേന്ദ്ര നാരായണ്‍ദേബ് ബര്‍മ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ വോട്ടെടുപ്പ് മാറ്റിവച്ചത്. ആറു ദിവസം മുമ്പാണ് ബര്‍മ മരിച്ചത്.
20 നിയമസഭാ സീറ്റ് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ളവയാണ്. 307 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്. ബിജെപി 51 സീറ്റിലും സഖ്യകക്ഷിയായ ഐപിഎഫ്ടി ഒമ്പത് സീറ്റിലുമാണ് മല്‍സരിക്കുന്നത്. സിപിഎമ്മാവട്ടെ, 57 സീറ്റിലും മറ്റ് ഇടതുപാര്‍ട്ടികളായ സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലും മല്‍സരിക്കുന്നു. കോണ്‍ഗ്രസ് 59 സീറ്റിലും തനിച്ചു മല്‍സരിക്കുകയാണ്. രാവിലെ തന്നെ പ്രമുഖ നേതാക്കളെല്ലാം പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
സംസ്ഥാനത്താകെ 25,73,413 സമ്മതിദായകരാണുള്ളത്. ഇതില്‍ 47,803 പേര്‍ കന്നിവോട്ടര്‍മാരാണ്. 11 പേര്‍ ഭിന്നലിംഗക്കാരാണ്. 3,214 പോളിങ് സ്‌റ്റേഷനുകളില്‍ 47 എണ്ണം നിയന്ത്രിക്കുന്നത് സ്ത്രീകളാണ്. മാര്‍ച്ച് 3നാണ് വോട്ടെണ്ണല്‍.
ബിജെപിയും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടുന്ന രാജ്യത്തെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം കേന്ദ്രമന്ത്രിമാരും നേതാക്കളും ബിജെപിക്കു വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. അഞ്ചാമൂഴത്തില്‍ മല്‍സരിക്കുന്ന മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ 50ഓളം റാലികളില്‍ പ്രസംഗിച്ചു. സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട് തുടങ്ങിയ ഇടതുപക്ഷ നേതാക്കളും പ്രചാരണത്തിനെത്തി.
Next Story

RELATED STORIES

Share it