ത്രിപുരയില്‍ സിപിഎം മുഖപത്രം പൂട്ടിച്ചു

ഗുവാഹത്തി/ന്യൂഡല്‍ഹി: സിപിഎം മുഖപത്രവും ത്രിപുരയിലെ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ ദിനപത്രവുമായ ഡെയ്‌ലി ദേശര്‍ കഥയുടെ ലൈസന്‍സ് ന്യൂസ്‌പേപ്പര്‍ രജിസ്ട്രാര്‍ (ആര്‍എന്‍ഐ) റദ്ദാക്കി.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പുതുക്കി നല്‍കിയ രജിസ്‌ട്രേഷന്‍ മണിക്കൂറുകള്‍ക്കകം റദ്ദാക്കിയത്. ആര്‍എന്‍ഐയെ അറിയിക്കാതെ ഉടമസ്ഥാവകാശത്തില്‍ മാറ്റംവരുത്തിയെന്നു കാണിച്ച് കഴിഞ്ഞ മെയില്‍ ശ്യാമള്‍ ദേബ്‌നാഥ് എന്ന വിവരാവകാശ പ്രവര്‍ത്തകന്‍ ജില്ലാ മജിസ്‌ട്രേറ്റ് സന്ദീപ് മഹാത്‌മേയ്ക്കു പരാതി നല്‍കിയിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണു സംസ്ഥാന സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ആര്‍എന്‍ഐയെ സമീപിച്ചത്. വെസ്റ്റ് ത്രിപുര ജില്ലാ മജിസ്‌ട്രേറ്റാണ് ലൈസന്‍സ് റദ്ദാക്കി ഉത്തരവിറക്കിയത്.
അതേസമയം, പത്രത്തിന്റെ ഉടമസ്ഥത കൈമാറുന്നതു സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം അധികൃതരെ ധരിപ്പിച്ചിട്ടുണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും പത്രത്തിന്റെ മുന്‍ എഡിറ്ററുമായ ഗൗതംദാസ് അറിയിച്ചു. പത്രത്തിന്റെ ലൈസന്‍സ് റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നു ദി എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ആര്‍എന്‍ഐക്ക് ഗില്‍ഡ് കത്തെഴുതിയിട്ടുണ്ട്.

Next Story

RELATED STORIES

Share it