തോല്‍വിയില്‍ ഒന്നാമതെത്താന്‍ ചെങ്ങന്നൂരിലും സ്ഥാനാര്‍ഥിയായി പത്മരാജന്‍

എ   ജയകുമാര്‍
ചെങ്ങന്നൂര്‍: തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ഒന്നാമനാവാനും അതുവഴി ഗിന്നസ് റെക്കോഡിലെത്തുന്നതിനും തമിഴ്‌നാട് സ്വദേശി ഡോ. പത്മരാജന്‍  ചെങ്ങന്നൂരില്‍ മല്‍സരിക്കുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ നേതാക്കന്മാര്‍ക്കെതിരേയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചതിന്റെ അനുഭവസമ്പത്തുമായി 196ാമത്തെ തിരഞ്ഞെടുപ്പ് അങ്കത്തിനാണ് പത്മരാജന്‍ ചെങ്ങന്നൂരിലെത്തിയിട്ടുള്ളത്. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ആദ്യ നാമനിര്‍ദേശ പത്രികയാണ് പത്മരാജന്‍ ഇന്ന് നല്‍കുന്നത്.
1997ലെ രാഷ്ട്രപതി തിരഞ്ഞടുപ്പില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനെതിരേ മല്‍സരിച്ചതോടെയാണ് ഇദ്ദേഹം ശ്രദ്ധനേടിയത്. തുടര്‍ന്ന് എല്ലാ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലും അദ്ദേഹം നാമനിര്‍ദേശ പത്രിക നല്‍കി. പ്രമുഖര്‍ക്കെതിരേ മല്‍സരം പതിവാക്കിയതോടെ  2003 ലിംകാ ബുക്ക് ഓഫ് വേള്‍ഡില്‍ പേര് നേടി. മല്‍സരിച്ച് ഗിന്നസ് റെക്കാഡില്‍ എത്തുക എന്നതും പത്മരാജന്റെ സ്വപ്‌നമാണ്.
പത്മരാജന്  മല്‍സരരംഗത്ത് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് 2011ലാണ്. സ്വന്തം മണ്ഡലമായ സേലം മേട്ടൂരില്‍ അന്ന് 6273 വോട്ട് ലഭിച്ചു. ഏറ്റവും കുറവ് മൈലാപ്പൂര്‍ ഉപതിരഞ്ഞെടുപ്പിലാണ് ലഭിച്ചത്. അന്ന് 8 വോട്ടുമാത്രമാണ് കിട്ടിയത്. ചെങ്ങന്നൂരില്‍ മല്‍സരത്തിനെത്തുന്നതിനു മുമ്പ്് കര്‍ണാടക തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സിദ്ധരാമയ്യയ്‌ക്കെതിരെയും അദ്ദേഹം നാമനിര്‍ദേശപത്രിക നല്‍കിയിട്ടുണ്ട്. ഓരോ തിര ഞ്ഞെടുപ്പിനേയും ആവേശത്തോടെ കാണുന്ന പത്മരാജന്‍ മുന്‍ രാഷ്ട്രപതിമാരായ എപിജെ അബ്ദുല്‍കലാം, പ്രതിഭാ പാട്ടീല്‍, പ്രണബ് മുഖര്‍ജി എന്നിവര്‍ക്കെതിരേയും നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെയും മല്‍സരിച്ചിട്ടുണ്ട്. കണ്ണൂര്‍ കുഞ്ഞിമംഗലം കെ കുഞ്ഞമ്പു നായരുടെയും ശ്രീദേവി അമ്മയുടെയും അഞ്ചു മക്കളില്‍ മൂത്തവനാണ് കെ പത്മരാജന്‍. മലയാളത്തില്‍ വേരുകളുണ്ടെങ്കിലും പത്മരാജന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം തമിഴ്‌നാട്ടിലാണ്.  വിവിധ തിരഞ്ഞെടുപ്പുകളില്‍  പത്മരാജന് ഇതുവരെ മല്‍സരിക്കാനായി 25 ലക്ഷം രൂപയാണ് ചെലവായിട്ടുള്ളത്.
Next Story

RELATED STORIES

Share it