wayanad local

തോല്‍പ്പെട്ടി-മൈസൂര്‍ റോഡിലെ പാലം നിര്‍മാണം അന്തിമ ഘട്ടത്തില്‍

മാനന്തവാടി: രാത്രിയാത്രാ നിരോധനത്തെ തുടര്‍ന്ന് ബദല്‍പാതയായി ഉപയോഗിക്കുന്ന തോല്‍പ്പെട്ടി-കുട്ട-മൈസൂര്‍ റൂട്ടിലെ പാലം നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന ഈ റോഡില്‍ പൂച്ചക്കല്‍-ശ്രീമംഗല എന്നിവിടങ്ങളിലെ രണ്ടു പാലങ്ങളുടെ നിര്‍മാണമാണ് അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നത്.
അനുബന്ധ റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച വീതികുറഞ്ഞ പാലങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലായിരുന്നു.
ബദല്‍ പാതയായതോടെ കര്‍ണാടക സര്‍ക്കാര്‍ റോഡ് വീതികൂട്ടാന്‍ ഫണ്ട് അനുവദിക്കുകയും നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
എന്നാല്‍, പാലങ്ങള്‍ പുനര്‍നിര്‍മിക്കാത്തതിനാല്‍ വാഹനയാത്രക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചില്ല.
ബാവലി, മൈസൂര്‍, സുല്‍ത്താന്‍ ബത്തേരി, ഗുണ്ടല്‍പേട്ട റൂട്ടില്‍ രാത്രിയാത്രാ നിരോധനത്തെ തുടര്‍ന്ന് കുട്ട വഴിയാണ് വാഹനങ്ങള്‍ ഓടിയിരുന്നത്. കേരളത്തിന്റെയും കര്‍ണാകയുടെയും ബസ്സുകളുള്‍പ്പെടെ നിരവധി വാഹനങ്ങളാണ് നിത്യേന ഇതിലൂടെ കടന്നുപോവുന്നത്. മാനന്തവാടി മുതല്‍ തോല്‍പ്പെട്ടി വരെയുള്ള 22 കിലോമീറ്റര്‍ ദൂരം നേരത്തെ വീതി കൂട്ടി ടാര്‍ ചെയ്തിരുന്നു.
പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ മൈസൂരിലേക്കും കുടകിലേക്കുമുള്ള യാത്ര സുഖകരമാവും. അതേസമയം, ഈ റൂട്ടില്‍ തോല്‍പ്പെട്ടിയിലെ നായ്ക്കട്ടി പാലം പുതുക്കിപ്പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it