തോമസ് ചാണ്ടിയുടെ ഹരജി 15ന് പരിഗണിക്കും

ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് സുപ്രിംകോടതി ജനുവരി 15ലേക്ക് മാറ്റി.
കേസ് പരിഗണിക്കുന്ന ജ. എ എം സപ്രെയുടെ ബെഞ്ചില്‍ മാറ്റം വേണമെന്ന ആവശ്യം പിന്‍വലിച്ച് തോമസ് ചാണ്ടി നല്‍കിയ പരിഗണിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ആര്‍ കെ അഗര്‍വാള്‍, എഎം സപ്രെ എന്നിവരുടെ ബെഞ്ച് ഹരജി പരിഗണിക്കുന്നത്  മാറ്റിയത്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ജ. സപ്രെയാണ് തോമസ് ചാണ്ടിയുടെ ബെഞ്ച് മാറ്റം സംബന്ധിച്ച കത്ത് പരിഗണിക്കേണ്ടതുണ്ടെന്നും അതിനാല്‍ കേസ് മാറ്റിവെക്കുകയാണെന്നും അറിയിച്ചത്. എന്നാല്‍, ചാണ്ടിയുടെ കത്തിലെ ഉള്ളടക്കം ഏറെ ഗൗരവമേറിയതാണെന്ന് കേസില്‍ തടസ്സ ഹരജിയുമായി കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയ സിപിഐ പ്രവര്‍ത്തകന്‍ മുകുന്ദന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
തോമസ് ചാണ്ടിക്ക് വേണ്ടി വിവേക് തന്‍ഖയ്ക്ക് പകരം മുകുള്‍ റോഹ്തഗിയാണ് ഇന്നലെ കോടതിയില്‍ ഹാജരായത്.
തന്റെ അഭിഭാഷകനായ വിവേക് തന്‍ഖയ്ക്ക് ജസ്റ്റിസ് സാപ്രെയുടെ മുന്‍പാകെ ഹാജരാവാന്‍ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബെഞ്ച് മാറ്റണമെന്ന ആവശ്യം തോമസ് ചാണ്ടി സുപ്രിംകോടതി രജിസ്ട്രിയ്ക്ക് കത്ത് നല്‍കിയിരുന്നത്.  എന്നാല്‍, ഈ ആവശ്യം റെജിസ്ട്രി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് തന്റെ ആവശ്യം പിന്‍വലിക്കുന്നതായി അറിയിച്ച് തോമസ് ചാണ്ടി കഴിഞ്ഞ ദിവസം വീണ്ടും കത്തു നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it