തോമസ് ചാണ്ടിക്കെതിരേ വീണ്ടും അന്വേഷണത്തിന് ഉത്തരവ്

കോട്ടയം: മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മിച്ചതായുള്ള പരാതിയില്‍ വീണ്ടും അന്വേഷണത്തിനു കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടു.
ആലപ്പുഴ മുന്‍ കലക്ടര്‍ എം പദ്മകുമാറിനെതിരേ പ്രാഥമികാന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചു. കലക്ടര്‍ക്കെതിരായ പ്രാഥമികാന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാനാണു കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് 2012ല്‍ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നിര്‍മിച്ച റോഡും പാര്‍ക്കിങ് സ്ഥലവും തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണെന്നും നടപടി സ്വീകരിക്കേണ്ട കലക്ടര്‍ അടക്കമുള്ളവര്‍ ഇതിന് കൂട്ടുനിന്നെന്നുമാണു പരാതിക്കാരനായ അഡ്വ. സുഭാഷ് നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നത്.
ഹരജിയില്‍ വിശദമായ വാദംകേട്ട കോടതി, തോമസ് ചാണ്ടി മുന്‍ ആലപ്പുഴ ജില്ല കലക്ടര്‍ പത്മകുമാര്‍, ആര്‍ഡിഒ, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എന്നിവരടക്കം എട്ടു പേര്‍ക്കെതിരേ പ്രാഥമികാന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു.
വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി നിലം നികത്തിയത് പൂര്‍വസ്ഥിതിയിലാക്കാതിരിക്കാന്‍ ജില്ലാ കലക്ടറും ആര്‍ഡിഒയും കൃഷി ഓഫിസറും അടക്കമുള്ളവര്‍ ചേര്‍ന്നു ഗൂഢാലോചന നടത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. വലിയകുളം സീറോജെട്ടി റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസുമായി ഇതിനു ബന്ധമില്ലെന്നും പരാതിക്കാരന്‍ പറയുന്നു. നിലം നികത്തലില്‍ നടപടിയെടുത്തില്ലെന്ന ഹരജിയില്‍ ആലപ്പുഴ മുന്‍ ജില്ല കലക്ടര്‍ പത്മകുമാര്‍ ഒന്നാം പ്രതിയാണ്. കേസില്‍ മൂന്നാം പ്രതിയാണ് തോമസ് ചാണ്ടി. അന്വേഷണ റിപോര്‍ട്ട് മൂന്നു മാസത്തിനകം സമര്‍പ്പിക്കാനാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. നേരത്തെ റോഡ് നിര്‍മിച്ച കേസില്‍ തോമസ് ചാണ്ടിക്കെതിരായ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ഉത്തരവിട്ടിരുന്നു.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാലു മാസം കൂടി സമയം കോട്ടയം വിജിലന്‍സ് കോടതി അനുവദിച്ചിരുന്നു. അന്വേഷണ പുരോഗതി എല്ലാ മാസവും അഞ്ചാം തിയ്യതി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it