Just In

തോമസ് ചാണ്ടിക്കെതിരേ കേസെടുക്കണം

തോമസ് ചാണ്ടിക്കെതിരേ കേസെടുക്കണം
X
കോട്ടയം: കായല്‍ കൈയേറി റോഡ് നിര്‍മിച്ചെന്ന പരാതിയില്‍ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ആലപ്പുഴ ലേക്പാലസ് റിസോര്‍ട്ടിനു മുന്നിലൂടെ വലിയകുളം മുതല്‍ സീറോ ജെട്ടി വരെയുള്ള റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നും തോമസ് ചാണ്ടിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമുള്ള വിജിലന്‍സിന്റെ ത്വരിതപരിശോധനാ റിപോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ചാണ് കോടതിയുടെ നടപടി.


റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകളില്‍ തോമസ് ചാണ്ടിക്ക് പങ്കുണ്ടെന്നതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നുണ്ട്. സ്വകാര്യ വ്യക്തിയുടെ ഭൂമിയാണ് നികത്തിയതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇടപെട്ടതിനാല്‍ അഴിമതി നിരോധന നിയമമനുസരിച്ച് കേസെടുക്കാമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.
തണ്ണീര്‍ത്തട സംരക്ഷണനിയമം ലംഘിക്കല്‍, ഗൂഢാലോചന എന്നിവയാണ് ചാണ്ടിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഈ മാസം 18ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പകര്‍പ്പ് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. റിപോര്‍ട്ടിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, കോടതി ഇത് അംഗീകരിച്ചില്ല.
എംപിമാരുടെ ഫണ്ടുപയോഗിച്ച് നിലം നികത്തി ലേക്പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതിലൂടെ 65 ലക്ഷം രൂപ ഖജനാവിനു നഷ്ടമുണ്ടായെന്ന പരാതിയില്‍ ചാണ്ടിക്കെതിരേ ത്വരിതാന്വേഷണത്തിനു കോട്ടയം വിജിലന്‍സ് കോടതി  നവംബറില്‍ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അപൂര്‍ണമാണെന്നുകാട്ടി വിജിലന്‍സ് ഡയറക്ടര്‍ മടക്കി.
തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് ചാണ്ടിക്കെതിരേ കേസെടുക്കണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തത്. ജനതാദള്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്‍കിയ പരാതിയിലായിരുന്നു നടപടി. വലിയകുളം മുതല്‍ സീറോ ജെട്ടി വരെ ഒരു കിലോമീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയിലും രണ്ടര ഏക്കറോളം നിലം നികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചെന്നാണ് പരാതി.
രാജ്യസഭാ എംപിമാരായിരിക്കെ പി ജെ കുര്യന്‍, കെ ഇ ഇസ്മയില്‍ എന്നിവരുടെ ഫണ്ടുപയോഗിച്ച് തണ്ണീര്‍ത്തട സംരക്ഷണനിയമം ലംഘിച്ച് റോഡ് നിര്‍മിച്ചു. പൊതു ആവശ്യത്തിനു പാടം നികത്തുമ്പോള്‍ പ്രാദേശിക വികസന സമിതിയുടെ അനുവാദം വാങ്ങണം. എന്നാല്‍, റോഡ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഇത് പാലിച്ചിട്ടില്ല. റിസോര്‍ട്ടിനു വേണ്ടി 30 ലക്ഷം രൂപ മുടക്കി നിലം നികത്തുകയും 35 ലക്ഷം രൂപ മുടക്കി ടാര്‍ ചെയ്യുകയും ചെയ്തു. നിയമസഭാംഗമെന്ന നിലയിലുള്ള സ്വാധീനം ഇതിനായി തോമസ്ചാണ്ടി ഉപയോഗിച്ചു- ഇത്രയുമാണ് പരാതിയിലെ ആരോപണങ്ങള്‍.
30 ദിവസത്തിനുള്ളില്‍ ത്വരിതാന്വേഷണം പൂര്‍ത്തിയാക്കാനാണ് നവംബര്‍ 4ന് കോടതി ഉത്തരവിട്ടതെങ്കിലും രണ്ടു തവണയായി വിജിലന്‍സ് ഒരു മാസത്തോളം സമയം നീട്ടി ചോദിച്ചു. കഴിഞ്ഞ തവണ സമയം നീട്ടി ചോദിച്ചപ്പോള്‍ റിപോര്‍ട്ട് ജനുവരി 4ന് സമര്‍പ്പിക്കാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.
Next Story

RELATED STORIES

Share it