Flash News

തൊഴിലുറപ്പ് പദ്ധതിയിലെ വേതന കുടിശ്ശിക വിതരണം ചെയ്യണം ; പ്രധാന മന്ത്രിക്ക് നിവേദനം നല്‍കി



കൊച്ചി: തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിന് നല്‍കാനുള്ള 683.39 കോടി രൂപയുടെ വേതന കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിവേദനം നല്‍കി. കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ വച്ചാണ് പ്രധാനമന്ത്രിക്ക് രമേശ് ചെന്നിത്തല നേരിട്ട് നിവേദനം നല്‍കിയത്. 2016 ഡിസംബര്‍ മുതലുള്ള തൊഴിലുറപ്പ് വേതനമാണ് കുടിശ്ശികയായി കിടക്കുന്നത്. ഈ വര്‍ഷത്തെ കുടിശ്ശിക മാത്രം 46.87 കോടി രൂപയുണ്ട്. സംസ്ഥാനത്ത് 20 ലക്ഷത്തോളം തൊഴിലാളികളാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം പണിയെടുക്കുന്നത്. ഇവരില്‍ ഭൂരിപക്ഷവും തീരെ ദരിദ്രരായ സ്ത്രീകളാണ്. മഴയും വെയിലും കൂസാതെ പണിയെടുക്കുന്ന ഇവര്‍ക്കുള്ള വേതനം മാസങ്ങളായി മുടങ്ങിയതോടെ ഇവര്‍  പട്ടിണിയിലാണെന്ന് നിവേദനത്തില്‍ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. തൊഴിലുറപ്പ് പദ്ധതി പ്രകാരം പണിയെടുത്താല്‍ 15 ദിവസത്തിനകം കൂലി കിട്ടാന്‍ അര്‍ഹതയുള്ളപ്പോഴാണ്  മാസങ്ങളായി വേതനം മുടങ്ങിക്കിടക്കുന്നത്. 2017 ഏപ്രിലില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് തൊഴിലുറപ്പ് വേതന കുടിശ്ശിക നല്‍കിയെങ്കിലും കേരളത്തെ അവഗണിക്കുകയായിരുന്നു. കേരളത്തിലെ സാധുക്കളായ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് താങ്ങായിരുന്ന മഹത്തായ പദ്ധതിയാണിത്. അതിനാല്‍, കുടിശ്ശിക വേതനം ഉടന്‍ വിതരണം ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it