Idukki local

തൊഴിലുമില്ല, കൂലിയുമില്ല; തൊഴിലാളികള്‍ നട്ടം തിരിയുന്നു



കട്ടപ്പന: കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയതോടെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് അനുഗ്രഹമായിരുന്ന മഹാത്മാഗാന്ധി ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ മാര്‍ഗ നിര്‍ദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയത് ഗുണഭോക്താക്കള്‍ക്കും വിനയായതായി ആക്ഷേപം. മുമ്പ് അഞ്ചേക്കര്‍ വരെ കൃഷിയിടമുള്ള ചെറുകിട കൃഷിക്കാരിലും പദ്ധതിയുടെ പ്രയോജനം ലഭിക്കുകയും അതുവഴി തൊഴില്‍ ആവശ്യപ്പെടുന്ന പദ്ധതി അംഗങ്ങള്‍ക്ക് ആവശ്യാനുസരണം തൊഴിലും മികച്ച വരുമാനവും ലഭിച്ചിരുന്നു. നിലവില്‍ പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍, വിധവകള്‍, വികലാംഗര്‍, ബി.പി.എല്‍ വിഭാഗം, ചെറുകിട കര്‍ഷകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന. കൂടാതെ നിര്‍മാണ മേഖലകളില്‍ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയതും ദോഷമായി .തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായിരുന്നവരില്‍ ഭൂരിപക്ഷവും സ്ത്രീ തൊഴിലാളികളായിരുന്നു. പ്രായപൂര്‍ത്തിയായ ഏതൊരു ഗ്രാമീണ കുടുംബത്തിനും സാമ്പത്തിക വര്‍ഷത്തില്‍ 100 ദിവസത്തെ തൊഴില്‍ നല്‍കാനുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയാണ് നിലവില്‍ തൊഴിലില്ലാത്ത പദ്ധതിയായത്. അപേക്ഷിച്ച് 15 ദിവസത്തിനകം തൊഴില്‍, ചെയ്ത ജോലിക്ക് 14 ദിവസത്തിനകം കൂലി, കൂലി വൈകിയാല്‍ നഷ്ടപരിഹാരം, ആകെ തൊഴിലിന്റെ മൂന്നിലൊന്ന് ഭാഗം തൊഴിലുകള്‍ സ്ത്രീകള്‍ക്ക് സംവരണം, പരിക്കുപറ്റിയാല്‍ സൗജന്യ ചികിത്സ തുടങ്ങിയവയായിരുന്നു തൊഴിലുറപ്പ് പദ്ധതിയുടെ സവിശേഷതകള്‍. എന്നാല്‍, ആവശ്യപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞും അംഗങ്ങള്‍ക്ക് തൊഴിലില്ലെന്ന് മാത്രമല്ല, ചെയ്ത ജോലിക്ക് ഇപ്പോള്‍ കൂലിയും ഇല്ല  . അഞ്ചേക്കറില്‍ താഴെയുള്ള കര്‍ഷകരുടെ കൃഷിയിടങ്ങളിലെ തൊഴിലുകള്‍ നിര്‍ത്തലാക്കിയതും പദ്ധതിക്ക് തിരിച്ചടിയായി. ഗ്രാമീണ ജനതക്ക് തൊഴിലിന് അത്താണിയായ പദ്ധതി താളംതെറ്റിയതിന് പരിഹാരം കണ്ടത്തൊന്‍ നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it