Second edit

തൊഴിലിലെ മടുപ്പ്

പണിയെടുക്കുമ്പോള്‍ മടുപ്പ് തോന്നുന്നുവോ? മടുപ്പ് മുതലാളിത്ത സമൂഹത്തില്‍ വ്യക്തിയുടെ അന്യവല്‍ക്കരണത്തിന്റെ ലക്ഷണമാണെന്ന് കാള്‍ മാര്‍ക്‌സ് പറയുന്നു. മുതലാളിത്തം അങ്ങനെയാണ്. യാന്ത്രികമാണ് അതിന്റെ രീതികള്‍; പണമാണ് അതിനു പരമപ്രധാനം. അതിനാല്‍ മുതലാളിത്തത്തെ പൊളിച്ചുമാറ്റി സോഷ്യലിസം സ്ഥാപിച്ചാലേ മാനവരാശിക്കു രക്ഷയുള്ളൂ എന്നാണ് കമ്മ്യൂണിസ്റ്റ് ആചാര്യന്‍ പറഞ്ഞത്.
സോഷ്യലിസം ഉടനെയൊന്നും വരാനിടയില്ലാത്ത കാലത്ത് തൊഴിലിടത്തിലെ മടുപ്പിനെ നേരിടാന്‍ വേറെന്താണ് വഴി? അതിനു മുതലാളിത്തത്തില്‍ പലതരം ഉപദേശകരും കൗണ്‍സലര്‍മാരുമുണ്ട്. അത്തരക്കാര്‍ പറയുന്നത്, ജോലി ചെയ്യാന്‍ മടിയും തൊഴിലിടത്തില്‍ കോപവും തോന്നുന്നുണ്ടെങ്കില്‍ അതിനെ നേരിടാന്‍ ചില മുട്ടുശാന്തിപ്രയോഗങ്ങള്‍ ഉണ്ടെന്നാണ്. ഒന്നാമത്തെ കാര്യം, മുന്നിലുള്ള പ്രവൃത്തിയുടെ വലുപ്പത്തെക്കുറിച്ചോ ബുദ്ധിമുട്ടിനെക്കുറിച്ചോ വ്യാകുലപ്പെടുന്നത് ഒഴിവാക്കുക. പരമാവധി ചെറിയ ഘടകങ്ങളായി ചുമതലകളെ വിഭജിക്കുക. അതു മാത്രം നിറവേറ്റാന്‍ ശ്രമിക്കുക.
എന്നിട്ടും രക്ഷയില്ലെങ്കില്‍ തല്‍ക്കാലം പണി നിര്‍ത്തി വേറെയെന്തെങ്കിലും കാര്യത്തില്‍ ഇടപെടുക. പാട്ട് കേള്‍ക്കുകയോ നടക്കാന്‍ പോവുകയോ എന്തുമാവാം. തിരിച്ചുവരുമ്പോള്‍ ചോര്‍ന്നുപോയ ശക്തി തിരിച്ചുവന്നേക്കാം. പക്ഷേ, പരമപ്രധാനം, മറ്റുള്ളവരുമായി പ്രയാസങ്ങള്‍ പങ്കുവയ്ക്കലാണെന്ന് മനശ്ശാസ്ത്ര വിദഗ്ധര്‍ പറയുന്നു. പരസ്പര സഹകരണവും സഹായവുമാണ് പ്രധാനം.
Next Story

RELATED STORIES

Share it