തൊഴിലിടങ്ങളില്‍ ലൈംഗിക അതിക്രമം ഓരോവര്‍ഷവും വര്‍ധിച്ചുവരുന്നു

ന്യൂഡല്‍ഹി: മി റ്റൂ കാംപയിന്‍ തുടരുന്ന പശ്ചാത്തലത്തില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം ഓരോവര്‍ഷവും വര്‍ധിച്ചുവരുന്നതായി റിപോര്‍ട്ട്. 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ 54 ശതമാനം വര്‍ധിച്ചതായി 2017 ഡിസംബര്‍ 15നും 2018 ജൂലൈ 27നും പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച രേഖയില്‍ വ്യക്തമാക്കുന്നു. 2014ല്‍ ഇതുസംബന്ധിച്ച് 371 പരാതികളാണ് ഉയര്‍ന്നതെങ്കില്‍ 2017ല്‍ അത് 570 ആയി ഉയര്‍ന്നതായും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2018 ജൂലൈ 27 വരെയുള്ള നാലുവര്‍ഷത്തിനിടെ 2,535 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. അതായത് ഓരോ ദിവസവും രണ്ടുവീതം കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്. 2018 ജനുവരി ഒന്നുമുതല്‍ ജൂലൈ 27 വരെയുള്ള ഏഴുമാസ കാലയളവില്‍ മാത്രം 533 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഈ നാലുവര്‍ഷത്തിനിടെ ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളുടെ 29 ശതമാനവും ഉത്തര്‍പ്രദേശിലാണ്. 726 കേസുകളാണ് യുപിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. തൊട്ടുപിന്നില്‍ ഡല്‍ഹിയും (369), ഹരിയാനയും (171) ആണ്. മധ്യപ്രദേശ് (154), മഹാരാഷ്ട്ര (147), രാജസ്ഥാന്‍ (129), കര്‍ണാടക (111), തമിഴ്‌നാട് (105), പശ്ചിമബംഗാള്‍ (97), ബിഹാര്‍ (74), തെലങ്കാന, പഞ്ചാബ് (58 വീതം), ഗുജറാത്ത് (46), ഉത്തരാഖണ്ഡ് (39), ജാര്‍ഖണ്ഡ് (35), ഒഡീഷ, ആന്ധ്രപ്രദേശ് (33 വീതം), കേരളം (32), ഛത്തീസ്ഗഡ് (23), അസം, മേഘാലയ (18 വീതം), ഹിമാചല്‍പ്രദേശ് (15), ജമ്മുകശ്മീര്‍ (12) എന്നിവയാണു തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍.
തൊഴില്‍രംഗത്തുള്ള ലൈംഗികാതിക്രമങ്ങള്‍ പ്രധാനമായും ഐപിസിയിലെ 354എ വകുപ്പിനു കീഴിലാണ് വരിക. സമ്മതമില്ലാതെ സ്പര്‍ശിക്കല്‍, അശ്ലീല ചുവയുള്ള സംഭാഷണം, ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കല്‍, സ്ത്രീകള്‍ക്ക് അശ്ലീല വീഡിയോകളോ ഫോട്ടോകളോ സമ്മതമില്ലാതെ കാണിച്ചുകൊടുക്കല്‍ തുടങ്ങിയവയെല്ലാം ഈ വകുപ്പിനു കീഴില്‍ വരും. 70 ശതമാനം സ്ത്രീകളും പ്രത്യാഘാതം ഭയന്ന് മേലുദ്യോഗസ്ഥരില്‍ നിന്നുള്ള ലൈംഗിക അതിക്രമങ്ങള്‍ മൂടിവയ്ക്കാറാണ് ചെയ്യുന്നതെന്ന് കഴിഞ്ഞവര്‍ഷം ബാര്‍ അസോസിയേഷന്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇതുപ്രകാരം തൊഴിലിടത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ രജിസ്റ്റര്‍ചെയ്യപ്പെട്ടതിനേക്കാള്‍ കൂടുതലായിരിക്കും.

Next Story

RELATED STORIES

Share it