kozhikode local

'തൊഴിലാളി സംഘടനകളെ പോലെ രാഷ്ട്രീയ പാര്‍ട്ടികളും ഐക്യപ്പെടണം'

കോഴിക്കോട്: തൊഴിലാളി സംഘടനകളുടെ ഐക്യത്തോടൊപ്പം രാഷ്ട്രീയ ഐക്യപ്പെടലും അനിവാര്യമാണെന്ന നിലപാടിലൂന്നി ട്രേഡ് യൂനിയന്‍ ഐക്യ സമ്മേളനം. സിഐടിയു ദേശീയ കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി മുതലക്കുളത്തു സംഘടിപ്പിച്ച തൊഴിലാളി യൂനിയന്‍ നേതൃസമ്മേളനത്തിലാണ് മോദി സര്‍ക്കാരിനും സംഘപരവാര ഭീഷണിക്കും എതിരേ കോണ്‍ഗ്രസ്സും സിപിഎമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും ഐക്യപ്പെടേണ്ടതുണ്ട് എന്ന ആവശ്യം ഉയര്‍ന്നുവന്നത്.
തൊഴില്‍ അവകാശങ്ങളെ അപ്പാടെ തകര്‍ത്തുകൊണ്ട്് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനത്തിനെതിരേ ഏപ്രില്‍ രണ്ടിനു നടക്കാനിരിക്കുന്ന പൊതുപണിമുടക്ക് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഐന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനാണ് രാഷ്ടീയപാര്‍ട്ടികളുടെ യോജിപ്പിന്റെ അനിവാര്യതയെ കുറിച്ച് പറഞ്ഞുവച്ചത്. സംഘപരിവാരത്തിന്റെ ആസുരകാലത്ത് തൊഴിലാളി സംഘടനകള്‍ മാത്രം യോജിച്ച പോരാട്ടത്തിനിറങ്ങിയാല്‍ പോര.
രാഷ്ട്രീയ പാര്‍ട്ടികളും പഴയ ചിന്ത വെടിഞ്ഞ് കാലത്തിനൊത്ത് തീരുമാനം കൈക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കോണ്‍ഗ്രസ്സാണ് എന്ന പ്രചാരണം അര്‍ത്ഥശൂന്യമാണെന്ന് വര്‍ത്തമാനകാലം ബോധ്യപ്പെടുത്തുന്നുണ്ട്. ഈ ബോധ്യപ്പെടല്‍ വലിയ മാറ്റമാണ്.
എകെജിക്ക് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നെഹ്‌റുവിന്റെ മുഖത്തുനോക്കി വിമര്‍ശനം ഉന്നയിക്കാനായത് കോണ്‍ഗ്രസ് പുലര്‍ത്തിവന്ന മഹത്തായ ജനാധിപത്യ നിലപാടുകള്‍കൊണ്ടാണ്. ഇന്നത്തെ പാര്‍ലമെന്റിന്റെ അവസ്ഥയില്‍ നിന്ന് ഇക്കാര്യം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ബോധ്യപ്പെട്ടുവരികയാണ്. ഈ സാഹചര്യത്തില്‍, ജനാധിപത്യ ശക്തികളെ ഒരുമിച്ചു ചേര്‍ക്കുന്ന കാര്യത്തില്‍ സിപിഎം സ്വീകരിച്ചിട്ടുള്ള നിലപാട് പുനപരിശോധിക്കണമെന്നു സൂചിപ്പിച്ചുകൊണ്ടാണ് ചന്ദ്രശേഖരന്‍ സംസാരം അവസാനിപ്പിച്ചത്.
തുടര്‍ന്നു സംസാരിച്ച എഐടിയുസി നേതാവ് കെ പി രാജേന്ദ്രനും പുതിയ കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി ചിന്തിക്കേണ്ടതിനെ കുറിച്ച് അടിവരയിട്ടാണ് ആരംഭിച്ചത്. ഇന്ത്യയിലെ തൊഴിലാളി സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പുതിയ തൊഴില്‍ നയം. ഇത് നാട്ടില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഈ തീരുമാനത്തിനെതിരേ യോജിച്ച് പോരാടാന്‍ ട്രേഡ് യൂനിയനുകള്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍, രാഷ്ട്രീയ ഐക്യത്തെ കുറിച്ചും മാറിചിന്തിക്കാന്‍ തയ്യാറാവണം.
ഫാഷിസത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഈ ഐക്യപ്പെടല്‍ ശക്തിപകരും. പാര്‍ലമെന്റില്‍ ട്രേഡ് യൂനിയന്‍ നേതാക്കളുടെ അഭാവമാണ് ഇത്തരത്തില്‍ തൊളിലാളി വിരുദ്ധ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാരിന് ധൈര്യം നല്‍കുന്നത്. മികച്ച പാര്‍ലമെന്റേറിയന്‍മാരായ തൊഴിലാളി നേതാക്കള്‍ ഉണ്ടായിരുന്ന പാര്‍ലമെന്റില്‍ ഇന്ന് തൊഴിലാളി പ്രതിനിധികള്‍ തീരെ കുറവാണ്. ഇത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. വിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിലൂടെ തൊഴിലാളികള്‍ക്കെതിരെയുള്ള ആക്രമണമാണ് മോദി സര്‍ക്കാര്‍ നടത്തിയത് എന്നും കെ പി രാജേന്ദ്രന്‍ പറഞ്ഞു.
ഇന്ത്യയിലെ സംഘടിത ട്രേഡ് യൂനിയന്റെ നൂറ് കൊല്ലത്തെ സമര ചരിത്രത്തെയാണ് മോദി ഗവണ്‍മെന്റ് പുതിയ വിജ്ഞാപനത്തിലൂടെ ഇല്ലാതാക്കിയതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സിഐടിയു നേതാവ് എ കെ പത്മനാഭന്‍ പറഞ്ഞു. ഒന്നാം യുപിഎ ഗവണ്‍മെന്റ് കൊണ്ടുവരാന്‍ ശ്രമിച്ച ഈ പരിഷ്‌കാരങ്ങളെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ഒന്നിച്ചെതിര്‍ത്ത് തോല്‍പിച്ചതാണ്. അതേ നയങ്ങളാണ് മോദി സര്‍ക്കാര്‍ തൊഴിലാളികള്‍ക്കു മുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.
മോദി സര്‍ക്കാറിനെതിരെ തൊഴിലാളികള്‍ മാത്രമല്ല, സകല വിഭാഗങ്ങളും ഒരുമിച്ചുള്ള പോരാട്ടം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എ നന്ദകുമാര്‍ അധ്യക്ഷനായിരുന്നു. എ ശ്രീകുമാര്‍, പി വി രാജേന്ദ്രന്‍, എ കെ രമേശ് സംസാരിച്ചു.
Next Story

RELATED STORIES

Share it