kannur local

തൊഴിലാളിസമരം ഒരുമാസം പിന്നിട്ടു : ആറളം ഫാം കോര്‍പറേഷന്‍ പ്രതിസന്ധിയില്‍



ഇരിട്ടി: സര്‍ക്കാര്‍ സ്ഥാപനമായ ആറളം ഫാമിങ് കോര്‍പറേഷന്‍ കടുത്ത പ്രതിസന്ധിയിലേക്ക്. തൊഴിലാളി സമരത്തെ തുടര്‍ന്ന് പ്ലാന്റേഷന്‍ മേഖല പൂര്‍ണമായും നിശ്ചലമായപ്പോള്‍ ഫാമിന്റെ ഭരണനിര്‍വഹണവും താളംതെറ്റി. ഫാം എംഡിയുടെ വാഹനം തടയുമെന്ന തൊഴിലാളി യൂനിയനുകളുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഒരാഴ്ചയിലധികമായി എംഡി ഓഫിസില്‍ എത്തിയിട്ടില്ല. ഇതോടെ ഭരണപരമായ കാര്യങ്ങളില്‍ നാഥനില്ലാത്ത അവസ്ഥയാണ്. പ്ലാന്റേഷന്‍ തൊഴിലാളികളെ കാര്‍ഷികമേഖലയിലെ തൊഴിലാളികളായി കണക്കാക്കി സേവന-വേതന വ്യവസ്ഥകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിവരുന്ന സമരം ഒരുമാസം പിന്നിട്ടു. സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി നടത്തിയ രണ്ടു ചര്‍ച്ചകളും പരാജയപ്പെട്ടതോടെ തുടര്‍ചര്‍ച്ചയ്ക്കുള്ള സാധ്യത ഉണ്ടായിട്ടില്ല. 13ന് ഫാം ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ഡയരക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തൊഴിലാളി സമരം പ്രധാന അജണ്ടയായി ചര്‍ച്ച ചെയ്യാമെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഡയരക്ടര്‍ ബോര്‍ഡ് യോഗം 13ന് ചേരാന്‍ തീരുമാനിച്ചതല്ലാതെ അജണ്ട നിശ്ചയിച്ചിട്ടില്ല. യോഗത്തിന് നിശ്ചിതദിവസം മുമ്പ് അംഗങ്ങള്‍ക്ക് അജണ്ട ഉള്‍പ്പെടുത്തിയ കത്ത് നല്‍കണമെന്ന വ്യവസ്ഥയും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഫാം എംഡിയാണ് ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടത്. എംഡി ഫാമില്‍ എത്താഞ്ഞതിനാല്‍ ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല.  ഫാമിലെ 19 ജീവനക്കാര്‍ക്കും 301 സ്ഥിരംതൊഴിലാളിക ള്‍ക്കും 148 താല്‍ക്കാലിക തൊഴിലാളികള്‍ക്കും മെയ് മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. 19 ജീവനക്കാരും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പട്ടികയില്‍ വരുന്നതിനാല്‍ 30ാം പ്രവൃത്തി ദിവസം ശമ്പളം അനുവദിക്കണമെന്നാണ് വ്യവസ്ഥ. സ്ഥിരം തൊഴിലാളികള്‍ക്ക് അഞ്ചിനു മുമ്പും താല്‍ക്കാലിക തൊഴിലാളികള്‍ക്ക് 15ന് മുമ്പും ശമ്പളം അനുവദിക്കണമെന്ന തീരുമാനവും നടപ്പാക്കാന്‍ കഴിയുന്നില്ല. ഒരുമാസം ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിന് മാത്രം 85 ലക്ഷത്തോളം രൂപയാണു വേണ്ടിവരുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും റബറിന്റെ വിലത്തകര്‍ച്ചയും മൂലമുണ്ടായ പ്രയാസങ്ങള്‍ കശുവണ്ടി സീസ ണ്‍ ആരംഭിച്ചതോടെ മാറിയിരുന്നു. ഇത്തവണ 310 ടണ്‍ കശുവണ്ടിയാണ് ഫാമില്‍നിന്ന് പൊതുമേഖലാ സ്ഥാപനങ്ങളായ കാപെക്‌സും കശുവണ്ടി വികസന കോര്‍പറേഷനും വാങ്ങിയത്. ഇതിലൂടെ ലഭിച്ച നാലുകോടിയോളം രൂപ ഉപയോഗിച്ചാണ് ഇതുവരെ ഉണ്ടായിരുന്ന പ്രതിസന്ധികളെല്ലാം പരിഹരിച്ചത്. കാലവര്‍ഷം ആരംഭിക്കുകയും പ്ലാന്റേഷന്‍ മേഖല പൂര്‍ണമായും നിശ്ചലമാവുകയും ചെയ്തതോടെ വന്‍ പ്രതിസന്ധിയാണ് ഫാമിനെ തുറിച്ചുനോക്കുന്നത്. സമരം കാരണം മഴക്കാലത്ത് ടാപ്പിങ് നടത്തുന്നതിന് ആയിരം ഏക്കറോളം വരുന്ന റബര്‍ മരങ്ങള്‍ക്ക് റെയിന്‍ കോട്ട് പുതപ്പിക്കുന്ന പ്രവൃത്തിയും ആരംഭിച്ചിട്ടില്ല.
Next Story

RELATED STORIES

Share it