thiruvananthapuram local

തൊഴിലാളിയുടെ മരണം: ക്വാറി പ്രവര്‍ത്തനം അധികൃതര്‍ തടഞ്ഞു

കിളിമാനൂര്‍: പാറപൊട്ടിക്കുന്നതിനായി ജാക്ക്ഹാമര്‍ ഘടിപ്പിച്ച ട്രാക്ടര്‍ മറിഞ്ഞു ഇതര സംസ്ഥാന തൊഴിലാളി മരിക്കാനിടയായ ക്വാറി ബി സത്യന്‍ എംഎല്‍എയും റവന്യൂ സംഘവുമെത്തി പരിശോധിച്ചു. കരവാരം നഗരൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ നെടുമ്പറമ്പ് നെല്ലിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ശിവ മുരുക അജന്ത ക്വാറിയാണ് എം എല്‍എയുടെ നേതൃത്വത്തിലെത്തിയ സംഘം ഇന്നലെ പരിശോധിച്ചത്. ഇവിടെ ജാക്ക്ഹാമര്‍ ട്രാക്ടര്‍ മറിഞ്ഞ് പശ്ചിമബംഗാള്‍ സ്വദേശി ഹമീദുല്‍ ഇസ്‌ലാം (30) മരിച്ചിരുന്നു.
സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയും പഞ്ചായത്ത് ലൈസ ന്‍സും താഴില്‍നിയമങ്ങളും പാലിക്കാതെയാണ് ഇവിടെയുള്ള ഒട്ടുമിക്ക പാറ ക്വാറികളും  പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ എംഎല്‍എയോട് പരാതിപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികളും പ്രാദേശിക തൊഴിലാളികളുമടക്കം നൂറുകണക്കിനാളുകളാണ് യാതൊരു സുരക്ഷയുമില്ലാതെ ജീവന്‍പണയം വച്ച് ഇവിടത്തെ പാറമടകളില്‍ പണിയെടുക്കുന്നത്. തൊഴിലാളികള്‍ക്ക് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശിക്കുന്ന യാതൊരു പരിരക്ഷയും ഇവിടെ ഉറപ്പാക്കിയിട്ടില്ല. അപകടത്തില്‍ മരിച്ച ഹമീദുല്‍  ഇസ്‌ലാം നിര്‍ധന കുടുംബത്തിലെ അംഗമാണ്. ഇദ്ദേഹത്തിന്റെ വരുമാനം കൊണ്ടാണ് രണ്ടുപിഞ്ചു കുഞ്ഞുങ്ങളടക്കമുള്ള കുടുംബം നാട്ടില്‍ കഴിയുന്നതെന്ന് സഹപ്രവര്‍ത്തകര്‍ എംഎല്‍എയെ അറിയിച്ചു.
മരിച്ചയാളിന് അര്‍ഹമായ സഹായധനം അനുവദിക്കാന്‍ തയ്യാറാവണമെന്ന് ക്വാറി ഉടമയുടെ പ്രതിനിധിയോട് എംഎല്‍എ ആവശ്യപ്പെട്ടു. അപകടത്തിനിടയാക്കിയ ക്വാറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും തുടര്‍നടപടികള്‍ കലക്ടര്‍ പ്രഖ്യാപിക്കുമെന്നും ആറ്റിങ്ങല്‍ താലൂക്ക് ഓഫിസര്‍ ഉണ്ണിരാജ അറിയിച്ചു.
പാറക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായി ലഭിച്ചിട്ടുള്ള മുഴുവന്‍ രേഖകളും തിങ്കളാഴ്ച രാവിലെ 10ന് താലൂക്ക് ഓഫിസിലെത്തിക്കണമെന്നും ഉടമയുടെ പ്രതിനിധിയോട് ആവശ്യപ്പെട്ടു. സംഭവമുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തുമെന്നും നിയമാനുസൃത നടപടിക്രമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഇവിടത്തെ പാറമടകള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വാസുകി ബി സത്യന്‍ എംഎല്‍എയെ അറിയിച്ചു. കരവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുരേഷ്—കുമാര്‍, നഗരൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ നെടുമ്പറമ്പ് പി സുഗതന്‍ എന്നിവരും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it