തൊഴിലാളികള്‍ സമരത്തില്‍

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: കശുവണ്ടി വ്യവസായ പുനരുദ്ധാരണ പാക്കേജ് ധനകാര്യസ്ഥാപനങ്ങള്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ച് കശുവണ്ടിമേഖലയിലെ തൊഴിലാളികള്‍ സമരത്തില്‍. ജപ്തിഭീഷണിയെ തുടര്‍ന്ന് ഒരു തൊഴിലാളി ആത്മഹത്യ ചെയ്യുകയും മറ്റൊരാള്‍ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ സമരവുമായി രംഗത്തെത്തിയത്. അസംസ്‌കൃതവസ്തുക്കളുടെ വില ഉയരുകയും വ്യവസായം തകര്‍ച്ചയിലെത്തുകയും ചെയ്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍, ഈ സാഹചര്യത്തില്‍ സാവകാശം നല്‍കാതെ ബാങ്കുകള്‍ ജപ്തി നടപടികളിലേക്കു കടന്നതാണ് തിരിച്ചടിയായതെന്ന് സംയുക്ത സമരസമിതി അധ്യക്ഷന്‍ ശശിധരന്‍ ആചാരി പറഞ്ഞു. സര്‍ഫാസി ആക്റ്റിന്റെ മറവിലാണ് ധനകാര്യ സ്ഥാപനങ്ങള്‍ ധിക്കാരപരമായ നടപടികള്‍ സ്വീകരിക്കുന്നത്. കശുവണ്ടിമേഖലയിലെ പ്രതിസന്ധി പരിഗണിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുനരുദ്ധാരണ പാക്കേജുകള്‍ ആസൂത്രണം ചെയ്തുവരുന്നുവെന്നു വ്യക്തമാക്കിയിട്ടുണ്ട്. അതിനിടയില്‍ ഏകപക്ഷീയമായി ധനകാര്യസ്ഥാപനങ്ങള്‍ ജപ്തി നടപടികളിലേക്കു കടന്നത് തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കി. ജപ്തിഭീഷണിയെ തുടര്‍ന്ന് കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയും അല്‍ഫാന കാഷ്യൂ ഫാക്ടറി ഉടമയുമായ നസീര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ—ക്ക് ശ്രമിച്ചതാണ് സമരം ശക്തമാക്കാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത്. തിരുവനന്തപുരം കാനറാ ബാങ്ക് ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി ഓഫിസിനു മുന്നിലാണ് തൊഴിലാളികള്‍ ഇന്നലെ ഏകദിന സൂചനാസമരം നടത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് നടപ്പില്‍ വരുന്നതുവരെ ജപ്തി നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. സൂചനാസമരംകൊണ്ട് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും തൊഴിലാളിസംഘടനകള്‍ വ്യക്തമാക്കുന്നു. പ്രതിവര്‍ഷം 6,000 കോടി രൂപ വരെ വിദേശനാണ്യം നേടിത്തരുന്ന പരമ്പരാഗത വ്യവസായമാണു നിലവില്‍ വന്‍ പ്രതിസന്ധി നേരിടുന്നത്. സ്ത്രീതൊഴിലാളികളും അനുബന്ധ തൊഴിലാളികളും അടക്കം മൂന്നുലക്ഷത്തിലധികം പേരാണ് കശുവണ്ടിമേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ആത്മഹത്യ അടക്കമുള്ള വഴികള്‍ തേടേണ്ടി വരുമെന്നും സമരക്കാര്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it