തൊഴിലാളികള്‍ തിരിച്ചെത്തി; ബന്ദികളാക്കിയത് മാവോവാദികളെന്ന്

കല്‍പ്പറ്റ: മേപ്പാടിയില്‍ കഴിഞ്ഞ ദിവസം തൊഴിലാളികളെ ബന്ദികളാക്കിയത് മാവോവാദികളാണെന്ന് പോലിസ് സ്ഥിരീകരിച്ചു. ബന്ദികളാക്കപ്പെട്ട മുഴുവന്‍ തൊഴിലാളികളും വെള്ളിയാഴ്ച അര്‍ധരാത്രിയോടെ തിരിച്ചെത്തി. തൊഴിലാളികളെ വിശദമായി ചോദ്യംചെയ്ത ശേഷമാണ് ഇവരെ ബന്ദിയാക്കിയത് മാവോവാദികള്‍ തന്നെയാണെന്ന് പോലിസ് സ്ഥിരീകരിച്ചത്.
പശ്ചിമ ബംഗാള്‍ സ്വദേശികളായ മക്ബൂല്‍ ശെയ്ഖ്, മോക്കിം ശെയ്ഖ്, അലാവുദ്ദീന്‍ ശെയ്ഖ് എന്നിവരെയാണ് മേപ്പാടി തൊള്ളായിരം എസ്‌റ്റേറ്റിനുള്ളില്‍ ആയുധധാരികളായ നാലംഗസംഘം വെള്ളിയാഴ്ച വൈകുന്നേരത്തോടെ തടവിലാക്കിയത്. മൂവരും മോചിതരായതോടെ പ്രദേശത്ത് മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ പോലിസും തണ്ടര്‍ബോള്‍ട്ടും വ്യാപക തിരച്ചില്‍ നടത്തുകയാണ്. സംഭവത്തെ തുടര്‍ന്ന് മേപ്പാടി പോലിസ് യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. എമറാള്‍ഡ് റിസോര്‍ട്ടിന്റെ പുതുതായി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ മാര്‍ബിള്‍ പാകുന്ന തൊഴിലാളികളെയാണ് മാവോവാദികളെന്നു സംശയിക്കുന്ന നാലംഗസംഘം ബന്ദികളാക്കിയത്. ഇവിടെ നിന്നു രക്ഷപ്പെട്ടെത്തിയ തൊഴിലാളികളിലൊരാളാണ് റിസോര്‍ട്ട് മാനേജറോട് കാര്യങ്ങള്‍ പറഞ്ഞത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലിസെത്തി തിരച്ചില്‍ ആരംഭിച്ചു. കുത്തനെയുള്ള കുന്നിന്‍പ്രദേശമായതിനാലും കിലോമീറ്ററുകള്‍ ദുര്‍ഘടപാതയിലൂടെ സഞ്ചരിക്കേണ്ടിയിരുന്നതിനാലും ആദ്യഘട്ടത്തില്‍ പോലിസ്, തണ്ടര്‍ബോള്‍ട്ട് സേനകള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടെന്ന് പോലിസ് അറിയിച്ചു. മൂന്നു പുരുഷന്‍മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘമാണ് തങ്ങളെ തടഞ്ഞുവച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
കോഴിക്കോട് അതിര്‍ത്തിപ്രദേശങ്ങളിലെ പോലിസും തിരച്ചിലില്‍ പങ്കാളികളാവുന്നുണ്ട്. തമിഴ്‌നാട് പോലിസും അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നുണ്ട്. വിക്രം ഗൗഡയും സോമനുമടക്കമുള്ള മാവോവാദി സംഘമാണ് തൊഴിലാളികളെ തടവിലാക്കിയതെന്നും പോലിസ് നിഗമനത്തിലെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it