Alappuzha local

തൊഴിലാളികളെ ഒഴിവാക്കി റെയില്‍വേയുടെ നിര്‍മാണ പ്രവര്‍ത്തനം വിവാദമാവുന്നു



കായംകുളം: റെയില്‍വേ സ്‌റ്റേഷനില്‍ ഗുഡ്‌ഷെഡ് തൊഴിലാളികളെ ഒഴിവാക്കി റെയില്‍വേയുടെ നിര്‍മാണത്തിനാവശ്യമായ സ്ലീപ്പര്‍കട്ടകള്‍ ഇറക്കുന്നത് വിവാദമാവുന്നു. എഴുപതോളം തൊഴിലാളികള്‍ക്ക് ഇതുമൂലം തൊഴിലില്ലാതായെന്നാണ് പരാതി. നിര്‍മാണം നടത്തുന്ന കരാറുകാരനെതിരേ തൊഴിലാളികളുടെ പ്രതിഷേധം ശക്തിയാവുകയാണ്. കരാറുകാരന്‍ കോടതി ഉത്തരവ് സമ്പാദിച്ച് സ്‌കില്‍ഡ് തൊഴിലാളികളെ ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. ആയിരത്തിഅഞ്ഞൂറ് സ്ലീപ്പര്‍കട്ടകള്‍ റെയില്‍വേസ്‌റ്റേഷനില്‍ എത്തിയപ്പോള്‍ അത് ഇറക്കിവച്ചത് ഗുഡ്‌ഷെഡ് തൊഴിലാളികളാണ്. എന്നാല്‍ പാളങ്ങളില്‍ സ്ഥാപിക്കാനായി സ്ലീപ്പര്‍കട്ടകള്‍ കൊണ്ടുപോവുന്ന ജോലിയില്‍ നിന്നാണ് പതിവിന് വിപരീതമായി ഇവരെ ഒഴിവാക്കിയിരിക്കുന്നത്.ഒന്നര ലക്ഷത്തോളം വരുന്ന സ്ലീപ്പര്‍ കട്ടകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വീണ്ടും വരാനിരിക്കെ കോടതി ഉത്തരവിന്റെ മറവില്‍ സ്ലീപ്പര്‍കട്ടകള്‍ ഇറക്കാന്‍ ആരംഭിച്ചത് തൊഴിലാളികള്‍ക്ക് പണിയില്ലാത്ത അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. പണി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്കായി ട്രേഡ് യൂനിയന്‍ നേതാക്കള്‍ ഇന്നലെ രാവിലെ കോണ്‍ട്രാക്ടര്‍ക്കെതിരേ പ്രതിഷേധിച്ചു. എന്നാല്‍ കനത്ത പോലിസ് സംരക്ഷണത്തില്‍ പണി ആരംഭിക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.
Next Story

RELATED STORIES

Share it