Alappuzha local

തേവേരി പാടത്ത് പുഞ്ചകൃഷി വിളവെടുപ്പ്

ഹരിപ്പാട്:  വിതയിറക്കി 110 ദിവസം പിന്നിട്ട കട്ടക്കുഴി തേവേരി പാടശേഖരത്തില്‍പുഞ്ചകൃഷി വിളവെടുപ്പ്  20 ന് ആരംഭിക്കും.എന്നാല്‍  വിളവെടുപ്പുമായി ബന്ധപ്പെട്ട കര്‍ഷകരുടെ ആശങ്കയ്ക്ക് വിരാമമായില്ല. മുന്‍ വര്‍ഷങ്ങളില്‍  വിളവെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം കൂടി ഏക്കറിന് കൊയ്ത്തുമെതി യന്ത്രങ്ങള്‍ക്ക്  വാടക നിശ്ചയിക്കുമായിരുന്നു. എന്നാല്‍ ഇക്കുറി ഇരുവരെ  തീരുമാനമായിട്ടില്ല.കഴിഞ്ഞ പുഞ്ചകൃഷി സീസണില്‍ 1800 രൂപ മണിക്കൂറിന് തീരുമാനിച്ചെങ്കിലും 1625 രൂപ ക്രമത്തിലായിരുന്നു വാങ്ങിയിരുന്നത്.  ഈ സീസണില്‍ തീരുമാനമായില്ലെന്നിരിക്കെ 1800 രൂപയ്ക്ക് വേണ്ടിയുള്ള വിലപേശല്‍ നടന്നു കൊണ്ടിരിക്കുകയാണ്. വീയപുരം കൃഷിഭവന്‍ പരിധിയിലെ  175 ഏക്കര്‍ വിസ്തൃതിയുള്ള കട്ടക്കുഴി തേവേരി പാടശേഖരത്തിലാണ് ഇക്കുറി പുഞ്ചകൃഷിക്ക് തുടക്കം കുറിക്കുന്നത്.  75 കര്‍ഷകരാണ് ഈ പാടശേഖരത്തിലുള്ളത്.  കഴിഞ്ഞ രണ്ടാം കൃഷി വിളവെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍കെയാണ്   ഇടബണ്ട്  തകര്‍ന്ന്  കൃഷി പൂര്‍ണമായും  നശിച്ചത്. കൃഷിമന്ത്രി  വി എസ് സുനില്‍കുമാര്‍ പാടശേഖരം സന്ദര്‍ശിക്കുകയും ബണ്ട് പുനരുദ്ധരിക്കുന്നതിന്  ആര്‍ കെ വി വൈ  പദ്ധതിയില്‍ 65 ലക്ഷം അനുവദിച്ചതായി  പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇന്നും തുക ലഭിച്ചിട്ടില്ല. വിളനഷ്ടത്തിലായാല്‍  ഹെക്ടറിന് 35000 രൂപയും  അത്ര തന്നെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ തുക ലഭ്യമാക്കുന്നതിനായി  പാടശേഖര  സമിതി ഭാരവാഹികള്‍ കൃഷി ഓഫീസുകളില്‍  കയറിയിറങ്ങുകയാണ്. കഴിഞ്ഞ പുഞ്ചകൃഷിയുടെ പ്രാരംഭഘട്ടത്തിലും മടവീഴ്ച അനുഭവപ്പെട്ടിരുന്നു.  സപ്പോര്‍ട്ടിങ് ചാര്‍ജ് എന്ന നിലയില്‍ കിട്ടേണ്ടിയിരുന്ന തുകയും ലഭിച്ചില്ല. ആകെ പ്രതിസന്ധി നേരിടുന്നതിനിടയിലാണ്  ഹരിപ്പാട് കൃഷി അസി. ഡയറക്ടര്‍ എലിസബത്ത്  വീയപുരം കൃഷി ഓഫീസര്‍ സൂസന്‍ തോമസ് എന്നിവര്‍  നിര്‍ദ്ദേശം നല്‍കി  കൃഷി ഏറെ മുന്‍പേ ഇറക്കിയത്. യന്ത്രങ്ങളുടെ വാടക തീരുമാനമായാല്‍ നേരത്തെ വിളവെടുക്കാന്‍ കഴിയും.  അല്ലാത്ത പക്ഷം  സ്വകാര്യ യന്ത്ര ഏജന്‍സികളുടെ ചൂഷണത്തിന് കര്‍ഷകര്‍ ഇരയാകുമെന്നും പാടശേഖര സെക്രട്ടറി വിനു ജോണ്‍ പറഞ്ഞു.
Next Story

RELATED STORIES

Share it