ernakulam local

തേവര കടത്ത് ബോട്ട് പടം മടക്കി ! വിദ്യാര്‍ഥികളുടെ യാത്ര ത്രിശങ്കുവില്‍



മരട്: സ്‌കൂള്‍ തുറക്കുന്ന ദിവസമെത്തുന്ന സമയത്ത് തന്നെ കുമ്പളം തേവര കടത്ത് ബോട്ട്‌സര്‍വീസ് അവതാളത്തിലായതോടെ രക്ഷിതാക്കളുടെ നെഞ്ചിടിപ്പ് കൂടി. ആഴമേറിയതും വീതി കൂടുതലുമുള്ള കായലില്‍ കടത്ത് വഞ്ചികള്‍ ഉപയോഗിച്ചുള്ള യാത്ര സുരക്ഷിതമല്ലാത്തതാണ് ബോട്ട് തന്നെ ആശ്രയിക്കുന്നതിന് കാരണം. എന്നാല്‍ പല ദിവസങ്ങളിലായി പല കാരണങ്ങള്‍ പറഞ്ഞ് ബോട്ട് സര്‍വീസ് മുടങ്ങുകയും, ഇപ്പോള്‍ രണ്ട് ദിവസമായി സ്ഥിരമായി ബോട്ട് ഓടാതിരിക്കുകയും ചെയ്തതോടെ ഇത്‌വഴിയാത്ര ചെയ്യുന്ന നൂറ് കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ സര്‍വീസ് നടത്തിയിരുന്ന ഫിറ്റ്‌നസ് ഇല്ലാത്തതും, കണ്ടം ചെയ്യേണ്ട അവസ്ഥയിലുള്ളതുമായ ബോട്ട് ഉടന്‍നീക്കം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ തന്നെ നിര്‍ദ്ദേശം നല്‍കുകയുണ്ടായി.  എന്നാല്‍ കുറച്ച് നാള്‍മാറ്റി നിര്‍ത്തിയ ബോട്ട് പെയിന്റടിച്ച് മിനുക്കി രൂപമാറ്റം വരുത്തി കരാറുകാരന്‍ വീണ്ടും സര്‍വീസിനെത്തിച്ച് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. കരാറോ പരസ്യ ലേലമോ നടത്താതെ ബോട്ട് സര്‍വീസ് തുടരുന്നതിന് പുതിയ കരാറുകാരന് അനുമതി നല്‍കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഏറ്റവുമൊടുവില്‍ ഒരു മല്‍സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി “ കുളിര്‍മ ‘ എന്ന പേരിട്ട് കരാറുകാരന്‍ കൊണ്ടുവന്ന ബോട്ട് തകരാറിലായതാണ് സര്‍വീസ് മുടങ്ങുവാന്‍ കാരണം. തീരത്ത് എക്കല്‍ അടിഞ്ഞതിനാല്‍ ജെട്ടിയില്‍ അടുപ്പിക്കുവാന്‍ പറ്റുന്നില്ലെന്നും, ഡ്രജ്ജ് ചെയ്ത് എക്കലും ചെളിയും മാറ്റിയാല്‍ മാത്രമെ സര്‍വീസ് മുടങ്ങാതെ നടത്തുവാന്‍ സാധിക്കുകയുള്ളൂ എന്നാണ് ബോട്ട് ജീവനക്കാര്‍ പറയുന്നത്.സര്‍വീസ് മുടങ്ങിയതിനെതിരെ പ്രതിപക്ഷം പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോരുകയും, ബിജെപി കുമ്പളം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫിസ് ഉപരോധം നടത്തിയിട്ടും പഞ്ചായത്ത് അധികൃതര്‍ മുടങ്ങാതെ കടത്ത് സര്‍വീസ് നടത്തുന്നതിന് വേണ്ടി യാതൊരു നടപടികളും സ്വീകരിക്കുവാന്‍ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സ്‌കൂള്‍ ദിനങ്ങള്‍ ആരംഭിക്കുന്നതോടെ ഇവിടെ ബോട്ടില്ലെങ്കില്‍ വിദ്യാര്‍ത്ഥികളും മറ്റ് യാത്രക്കാരും കിലോമീറ്ററുകള്‍ ബൈപ്പാസിലൂടെ ചുറ്റിക്കറങ്ങി  യാത്ര ചെയ്യേണ്ടതായി വരും. എത്രയും വേഗം യാത്രാബോട്ടിന്റെ കാര്യത്തില്‍ അധികൃതര്‍ തീരുമാനമെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Next Story

RELATED STORIES

Share it