Pathanamthitta local

തേരകത്തും മണ്ണില്‍ കാട്ടാന ശല്യം രൂക്ഷം



തണ്ണിത്തോട്: തേരകത്തുംമണ്ണില്‍ പൂവണ്ണുംപതാലില്‍ വീണ്ടും കാട്ടാനകള്‍ നാശം വിതയ്ക്കുന്നു. വനപാലകര്‍ ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് ആരോപണമുണ്ട്. ഇതില്‍ പ്രതിഷേധിച്ച് കര്‍ഷകസംഘം കെഎസ്‌കെടിയു സംഘടനകളുടെ നേതൃത്വത്തില്‍ സംയുക്തമായി നാട്ടുകാര്‍ റേഞ്ച് ഓഫിസ് ഉപരോധത്തിന് തയ്യാറെടുക്കുകയാണ്. തേരകത്തുംമണ്ണില്‍ പൂവണ്ണുംപതാലില്‍ പതിനഞ്ചോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടുത്തെ മിക്ക വീടുകളും കാട്ടാനക്കൂട്ടം ഇറങ്ങി തല്ലിത്തകര്‍ക്കുകയാണ്. ഇന്നലെ രാത്രിയിലും പകലും ഇവിടെ കാട്ടാനകളിറങ്ങി കാര്‍ഷിക വിളകളും ഷെഡും തകര്‍ത്തു. കാട്ടാനയെ ഭയന്ന് ഇവിടുത്തുകാര്‍ രണ്ടുമാസത്തോളമായി വീടുപേക്ഷിച്ച് വയ്യാറ്റുപുഴയിലും തേരകത്തുമണ്ണിലും വാടകയ്ക്കും താല്‍ക്കാലിക ഷെഡുകളിലും കഴിയുകയാണ്. കാലവര്‍ഷമായതോടെ ഈ ഷെഡുകളില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. റാന്നി ഡിവിഷനു കീഴില്‍ വടശേരിക്കര റേഞ്ചില്‍ തണ്ണിത്തോട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലുള്ള സ്ഥലമാണ് പൂവണ്ണുംപതാല്‍. നേരത്തെ പതാകുഴിയില്‍ ഭാസ്‌കരന്റെ വീട് കാട്ടാന തല്ലിത്തകര്‍ത്തു. ആനയെ ഭയന്ന് ഭാസ്‌കരനും കുടുംബവും പൂവണ്ണുംപതാലില്‍ നിന്നും തേരകത്തുംമണ്ണിലേക്ക് താമസം മാറിയിരുന്നു. ഈ സമയം വീട്ടിലാരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഇതിന് രണ്ടുദിവസം മുമ്പ് ഭാസ്‌കരന്‍ രാവിലെ പത്തിന് ആനയുട മുന്നില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇങ്ങനെ നിരവധി പേരുടെ വീടും കൃഷികളുമാണ് നശിച്ചിരുന്നത്.  നേരത്തെ കെഎസ്‌കെടിയുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു. അടിയന്തരമായി സോളാര്‍ വേലിയോ കിടങ്ങോ തീര്‍ത്ത് ജനങ്ങളേയും കൃഷിയും സംരക്ഷിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. കുരുമുളക്, ഇഞ്ചി, വാഴ, കപ്പ, കോലിഞ്ചി, റബര്‍, കമുക്, പച്ചക്കറികള്‍ എന്നിവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. ലോണെടുത്താണ് പലരും കൃഷിയിറക്കുന്നത്. സോളാര്‍ വേലികളും കിടങ്ങുകളും സ്ഥാപിക്കണമെന്നും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it