palakkad local

തേയില ഫാക്ടറികള്‍ പൂട്ടേണ്ടിവരും

നെല്ലിയാമ്പതി: തേയില ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഇന്ധനം കൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുമെന്ന് തോട്ടം ഉടമകള്‍. നെല്ലിയാമ്പതിയില്‍ പ്രര്‍ത്തിക്കുന്ന ചന്ദ്രമല, എവിടി, പോബ്‌സണ്‍ എന്നീ ഫാക്ടറികളിലാണ് ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്നത്. ഉരുള്‍പൊട്ടി ചുരം പാത തകര്‍ന്നതിനാല്‍ ഭാരവാഹനങ്ങള്‍ കടന്നുവരാന്‍ കഴിയാത്ത സ്ഥിതിയാണ്. ഡീസല്‍, കല്‍ക്കരി, വിറക് എന്നിവ ഉപയോഗിച്ചാണ് ഫാക്ടറികള്‍ പ്രധാനമായും പ്രവര്‍ത്തുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നാണ് നെല്ലിയാമ്പതിയിലേക്ക് ആവശ്യമായ കല്‍ക്കരി കൊണ്ടുവരുന്നത്. കൂടാതെ എറണാകുളം മേഖലില്‍ നിന്നാണ് വിറകുകളും എത്തിക്കുന്നത്. മഴ മാറിയതോടെ തേയില കൊളുന്ത് നുള്ളിതുടങ്ങിയിട്ടുണ്ട്. ഇന്ധനത്തിന്റെ ശേഖരത്തില്‍ കുറവുള്ളതിനാല്‍ ഫാക്ടറികള്‍ ഭാഗികമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പൂ ര്‍ണതോതില്‍ പ്രവര്‍ത്തിക്കാ ന്‍ ആവശ്യമായ വിറകെങ്കിലും ലഭിക്കണം. എന്നാല്‍ തോട്ടങ്ങളില്‍ വീണുകിടക്കുന്ന തണല്‍മരങ്ങള്‍ പോലും ഉപയോഗിക്കുന്നതിന് വനം വകുപ്പിന്റെ വിലക്കുള്ളതിനാല്‍ അതും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അടിയന്തിര സാഹചര്യം മുന്‍ നിര്‍ത്തി തോട്ടങ്ങളില്‍ വീണുകിടക്കുന്ന മരങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദനം നല്‍കണമെന്ന് നെല്ലിയാമ്പതി പ്ലാന്റേഷന്‍സ് അസോസിയേഷന്‍ വകുപ്പ് മന്ത്രിയ്ക്ക് പരാതി നല്‍കി.

Next Story

RELATED STORIES

Share it