kasaragod local

തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞു; കേരകര്‍ഷകര്‍ പ്രതിസന്ധിയില്‍

കാഞ്ഞങ്ങാട്: ഫെബ്രുവരി ഒന്നിന് കിലോയ്ക്ക് 48 രൂപ ലഭിച്ചിരുന്ന പച്ചത്തേങ്ങയ്ക്ക് ഇപ്പോള്‍ വില 30 രൂപ. വന്‍കിട കച്ചവടക്കാരും മില്ലുകാരും തമ്മിലുള്ള ഒത്തുകളിയില്‍ ബലിയാടാവുന്നത് പാവപ്പെട്ട കേര കര്‍ഷകര്‍. വില നിയന്ത്രിക്കാനോ വിപണിയില്‍ ഇടപെടാനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മടിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് എന്നും കണ്ണീര്‍ മാത്രമാണ്.ഇന്തോനേഷ്യയില്‍ നിന്നും വന്‍ തോതില്‍ കൊപ്ര ഇറക്കുമതി ചെയ്യുന്നതിനാല്‍ നാളികേരത്തിന്റെ വില ദിവസേനയെന്നോണം താഴേയ്ക്ക് പോവുകയാണ്.
വേനല്‍ മഴ ശക്തമായതിനാല്‍ വില ഇനിയും കുറയുമെന്നാണ് വിലയിരുത്തല്‍. ഒരു കിലോ കൊപ്ര 80 രൂപയ്ക്കാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലെ വന്‍കിട കമ്പനികളായ മാരിക്കോ, കെഎല്‍എസ്, കെപിഎല്‍ എന്നിവയാണ് വന്‍തോതില്‍ കൊപ്ര ഇറക്കുമതി ചെയ്യുന്നത്. ഇവര്‍ക്ക് കൊപ്ര ഇറക്കുമതി ചെയ്യുമ്പോള്‍ നികുതി നല്‍കേണ്ട എന്നതിനാലാണ് 80 രൂപയ്ക്ക് കൊപ്ര കിട്ടുന്നത്. ഈ കമ്പനികള്‍ കൊപ്രയില്‍ നിന്നും എണ്ണ ഉല്‍പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നതിനാലാണ് ഇവര്‍ക്ക് നികുതി ഒഴിവായി കിട്ടുന്നത്. എന്നാല്‍ കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ എണ്ണ ഇവര്‍ ആഭ്യന്തര വിപണിയില്‍ വില്‍പന നടത്തുകയാണ് ചെയ്യുന്നതെന്നും പറയപ്പെടുന്നുണ്ട്്.
കേരളത്തിലെ നാളികേരത്തിന് ഗുണനിലവാര കുറവുണ്ടെന്ന പ്രചാരണവും വിലത്തകര്‍ച്ചയ്ക്ക് കാരണമാകുന്നു. തമിഴ്‌നാട്ടിലെ കാങ്കയത്താണ് നാളികേരം കൊപ്രയാക്കുവാനായി എത്തുന്നത്. ഗുണനിലവാരം കുറഞ്ഞ നാളികേരം എത്താന്‍ തുടങ്ങിയതോടെ ഇവിടെയുള്ളവര്‍ നാളികേരം എടുക്കുന്നത് കുറച്ചു. കൂടാതെ കുറഞ്ഞ വിലയ്ക്ക് കര്‍ണാടകയില്‍ നിന്നും നാളികേരം ഇപ്പോള്‍ ലഭ്യമാകുന്നുമുണ്ട്.
കര്‍ണാടകയിലെ ചിറ്റൂരിലേയ്ക്ക് കോക്കനട്ട് പൗഡറാക്കുന്നതിന് വന്‍തോതില്‍ നാളികേരം എടുത്തിരുന്നു. ഇപ്പോള്‍ അവിടെയും ഉല്‍പാദനം കുറച്ചതും നാളികേര കര്‍ഷകര്‍ക്ക് തിരിച്ചടിയായി. അന്താരാഷട്ര വിപണിയിലുള്ളതിനേക്കാള്‍ ഉയര്‍ന്ന വിലയാണ് ഇന്ന് ആഭ്യന്തര വിപ്പണിയിലുള്ളത്. അതിനാല്‍ വില വീണ്ടും കുറയാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. മൂന്നു മാസത്തിനുള്ളില്‍ പച്ചത്തേങ്ങയുടെ വില 25 രൂപയില്‍ താഴെയെത്തുമെന്നാണ് നിഗമനം. തമിഴ്‌നാട്ടിലെ പല മില്ലുകളിലും വളരെകൂടുതല്‍ കൊപ്ര ഇപ്പോള്‍ തന്നെ സ്‌റ്റോക്കുണ്ട്.
കേരളത്തില്‍ ഇപ്പോള്‍ നാളികേരത്തിന്റെ സീസണ്‍ ആരംഭിച്ചതും വിപണി ഇടിയുവാന്‍ ഇടയാക്കിയിട്ടുണ്ട്.  വന്‍കിട കമ്പനികള്‍ കൊള്ള ലാഭമെടുക്കുന്നതിനും ചുളുവിലയ്ക്ക് കൊപ്ര സംഭരിക്കുന്നതിനുമായി വിലയിടിക്കുകയും ചെയ്തുവെന്നാണ് വിപണിയെ കുറിച്ച് പഠിക്കുന്ന കര്‍ഷകരും ചെറുകിട കച്ചവടക്കാരും പറയുന്നത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് തേങ്ങയുടെ സീസണ്‍. സീസണ്‍ ആരംഭിക്കുമ്പോള്‍ വിലയിടിച്ച് കര്‍ഷകരില്‍ നിന്ന് ചുളുവിലയ്ക്ക് തേങ്ങയും കൊപ്രയും സംഭരിച്ച് സ്‌റ്റോക്ക് ചെയ്യും. സീസണ്‍ കഴിയുമ്പോള്‍ വില ഉയര്‍ത്തി ഉയര്‍ന്ന വിലയ്ക്ക് വെളിച്ചെണ്ണ വില്‍ക്കുകയുമാണ് കമ്പനികളുടെ തന്ത്രം. കഴിഞ്ഞ സീസണ്‍ അവസാനിച്ച മുറയ്ക്കാണ് വില ഉയര്‍ന്നത്. ഉയര്‍ന്ന വിലയില്‍ വില്‍ക്കാന്‍ കര്‍ഷകരുടെ കൈയില്‍ തേങ്ങയില്ലായിരുന്നു.
അന്താരാഷ്ട്ര വില താഴ്ന്ന നിലയില്‍ ആയിരുന്നു. ഇപ്പേ ാള്‍ സീസണ്‍ തുടങ്ങുമ്പേ ാള്‍ തന്നെ വിലയിടിഞ്ഞു. കര്‍ഷകര്‍ ഇക്കൊല്ലം തേങ്ങ പറിക്കാന്‍ തുടങ്ങിയതേയുള്ളൂ. ആദ്യ വിളവെടുപ്പില്‍ ലഭിക്കുന്ന തേങ്ങയുടെ എണ്ണം വളരെ കുറവായിരുന്നു. ഇത് കൊപ്രയായി ഇതുവരെ വിപണിയില്‍ എത്തുന്നതേയുള്ളു.
കേരളത്തില്‍ നിന്നുള്ള മൂന്ന് വന്‍കിട കമ്പനികളാണ് പ്രധാനമായും വിപണി നിയന്ത്രിക്കുന്നത്. ഇവരാണ് വിപണിയെ തകര്‍ക്കുന്നതെന്നാണ് കര്‍ഷകരുടെ ആരോപണം. തേങ്ങ വാങ്ങി കൊപ്രയാക്കി വില്‍ക്കുകയും അതിന്റെ പരിമിതമായ ലാഭം കൊണ്ട് കുടുംബം പുലര്‍ത്തുകയും ചെയ്യുന്ന തങ്ങളുടെ കച്ചവടം പൊട്ടിക്കാനാണ് ആസൂത്രിതമായി വിലയിടിച്ചതെന്ന് ചെറുകിട കര്‍ഷകര്‍ പറയുന്നു. ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ തേങ്ങ കൊപ്രയാക്കി നല്‍കാന്‍ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണം. ഒരാഴ്ചകൊണ്ടാണ് വില മൂന്നിലൊന്ന് കുറഞ്ഞത്. പരിമിതമായ ലാഭമെടുക്കുന്ന തങ്ങള്‍ക്കുണ്ടായ നഷ്ടം അതിഭീമമാണ്. ഒരു വര്‍ഷം കച്ചവടം ചെയ്താലും ഇത് നികത്താനാവില്ല. പണിക്കൂലി പോലും ലഭിക്കാത്തതിനാല്‍ പലരും കച്ചവടം മതിയാക്കി. വന്‍കിട കമ്പനികളില്‍ പലരും വ്യാജ എണ്ണയുണ്ടാക്കുന്ന പരാഫിന്നിന്റെ ഹോള്‍സെയില്‍ ഡീലര്‍മാരാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.
ഒരു കിലോ തേങ്ങയുടെ ഉല്‍പാദന ചെലവ് 35 രൂപവരെയാണ്. അതിനാല്‍ ഒരു കിലോ തേങ്ങയ്ക്ക് 40 രൂപയെങ്കിലും വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് സംഭരണം ആരംഭിക്കണമെന്നും കര്‍ഷകര്‍ പറയുന്നു.
Next Story

RELATED STORIES

Share it